ഹയർ സെക്കൻഡറി: അശാസ്ത്രീയ തസ്തികനിർണയനയം ഉപേക്ഷിക്കുക -എച്ച്.എസ്.എസ്.ടി.എ

കൊടുവള്ളി : ഹയർസെക്കൻഡറി അധ്യാപക തസ്തിക നിർണയത്തിനുള്ള അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നും അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ നയം ഉപേക്ഷിക്കണമെന്നും എച്ച്.എസ്.എസ്.ടി.എ താമരശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 2026 മാർച്ചിലെ പൊതു പരീക്ഷയ്ക്ക് സ്കൂളുകൾ തയ്യാറെടുക്കുമ്പോഴും കോഴിക്കോട് ജില്ലയിലെ 23 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയാണ്. ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ നടപടികൾ വേഗത്തിലാക്കണമെന്നും അധ്യാപക - പ്രിൻസിപ്പൽ ജനറൽ ട്രാൻസ്ഫർ നോംസ് പുതുക്കുന്നതിലെ അന്തിമ നിർദേശങ്ങൾ കെഎസ്ആർ നിയമങ്ങളും സാമൂഹ്യനീതിയും പ്രായോഗികതയും ഉറപ്പുവരുത്തുന്നതായിരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എച്ച്എസ്എസ്ടിഎ സംസ്ഥാന ട്രഷറർ എം റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് പി.സി ഹാജിറ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് പി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ലീഗൽ ഫോറം കൺവീനർ
കെ.വി ഷിബു ട്രാൻസ്ഫർ നോംസ് കരട് നിർദ്ദേശങ്ങൾ വിശദീകരിച്ചു. മേഖലാ സെക്രട്ടറി പി.വി മുഹമ്മദ് അഷ്റഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, സെക്രട്ടറിമാരായ പി.കെ ഫൗസിയ, കെ.എ അഫ്സൽ, ജില്ലാ പ്രസിഡൻ്റ് പി മുജീബ് റഹ്മാൻ, സെക്രട്ടറി സി ശ്രീനാഥ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: പി.എം രതീഷ് ചന്ദ്രൻ, വൈസ് പ്രസിഡൻ്റ്: എം.വി രജനീഷ്, എം.കെ ഫെബ്ന. സെക്രട്ടറി:സി ശൈലജ. ജോയിൻ സെക്രട്ടറി: പി ജസ്ന,
ടി.എസ് ഷിംസിയ. ട്രഷറർ: ബി ഷെനില.
Content Highlights: Higher Secondary Teacher Recruitment Crisis