വിദേശകല-കരകൗശലങ്ങൾ തലസ്ഥാനത്ത് എത്തും; വിനിമയപദ്ധതിയുമായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്

വൈദേശികകരകൗശലവും കലകളും തലസ്ഥാനത്ത് എത്തിക്കാനും പരിചയപ്പെടുത്താനും കല-കരകൗശലവിനിമയപദ്ധതിയുമായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്. ഓരോ വർഷവും തെരഞ്ഞെടുക്കുന്ന ഒരു രാജ്യവും ഒരു സംസ്ഥാനവും ആയിട്ടാണ് കല-കരകൗശലവിനിമയം. ഇതിന്റെ ഭാഗമായി ആദ്യ അതിഥിരാജ്യമായി യുഗാൺഡയുടെയും ആദ്യ അതിഥിസംസ്ഥാനമായി ഒഡിഷയുടെയും കലാകാരന്മാർ കരകൗശലസമ്പന്നതയുമായി തലസ്ഥാനത്ത് എത്തി. ജോസ്‌ലിൻ അലിൻഡ (Joselyn Alinda), മരിയം നാൻഡവൂല (Mariam Nandawula) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്.
യുഗാൺഡ, ഒഡിഷ കരകൗശലവിദഗ്ദ്ധരും അവരുടെ ഉത്പന്നങ്ങളും ഒരു വർഷം കോവളം റൂട്ടിലെ വെള്ളാറിലുള്ള ക്രാഫ്റ്റ്സ് വില്ലേജിൽ ഉണ്ടാകും. ഇൻഡീ മ്യൂസിക് ഫെസ്റ്റിവൽ (IIMF), റാഗ്‌ബാഗ് തുടങ്ങിയ ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രധാനകലാമേളകൾ നടക്കുമ്പോൾ വിവിധ ആഫ്രിക്കൻ കലകൾ അവതരിപ്പിക്കാനും ആഫ്രിക്കൻ ഭക്ഷ്യമേള നടത്താനും ഒക്കെയുള്ള പദ്ധതികൾ സഹകരണത്തിന്റെ ഭാഗമാണ്. ഒഡിഷയുമായി ബന്ധപ്പെട്ടും സമാനമായ കാര്യങ്ങളാണ് പദ്ധതിയിൽ ഉള്ളത്. വർഷം തോറും നടക്കുന്ന ആഫ്രിക്കൻ കാർണിവൽ പോലെ ഒരു ആഫ്രിക്കൻ കലാമേള ക്രാഫ്റ്റ്സ് വില്ലേജിൽ സംഘടിപ്പിക്കാനുള്ള സാദ്ധ്യതയടക്കം ആലോചനയിലുണ്ട്.
ടൂറിസം വകുപ്പിനുവേണ്ടി ക്രാഫ്റ്റ്സ് വില്ലേജ് നിർമ്മിച്ചു നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് കരകൗശല-കലാരംഗങ്ങളിൽ വിവിധ രാജ്യങ്ങളും സംസ്ഥാനങ്ങളുമായുള്ള പ്രതിവർഷസഹകരണ-വിനിമയപദ്ധതി. നേപ്പാൾ ആണ് അടുത്ത വർഷത്തെ അതിഥിരാജ്യം. ഇപ്പോൾത്തന്നെ യുഗാൺഡ, ഘാന തുടങ്ങിയ ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ 25-ഓളം രാജ്യങ്ങളിലെയും കരകൗശലവസ്തുക്കൾ ക്രാഫ്റ്റ്സ് വില്ലേജിലെ എംപോറിയത്തിൽ പ്രദർശനത്തിനുണ്ട്. വിവിധ ഇൻഡ്യൻ സംസ്ഥാനങ്ങളുടെ സവിശേഷ കരകൗശലസൃഷ്ടികളും അവിടെയുണ്ട്.
Content Highlights: kerala arts and crafts village to introduce foreign crafts