ഫാറൂഖ് കോളേജിൽ അന്താരാഷ്ട്ര രസതന്ത്രസമ്മേളനം തുടങ്ങി

രാമനാട്ടുകര: ഫാറൂഖ് കോളേജ് രസതന്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ‘എമർജിങ് ഫ്രണ്ടിയേഴ്സ് ഇൻ കെമിക്കൽ സയൻസസ്’ (ഇ.എഫ്.സി.എസ്.) കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫ. പോൾ വെയ്സ് ഉദ്ഘാടനം ചെയ്തു. രസതന്ത്രത്തിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെയും വിജ്ഞാനക്കൈമാറ്റത്തിലൂടെയും മാത്രമേ ഗവേഷണമേഖലകളിൽ വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
ഇ.എഫ്.സി.എസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യോമൻ അവാർഡ് ഡോ. പി.കെ. അഹമ്മദിനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. എ.കെ. അബ്ദുറഹീമിനും യങ് സയന്റിസ്റ്റ് അവാർഡ് ഡോ. പി.കെ. സജിത്തിനും സമ്മാനിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ സമ്മേളനത്തിന്റെ അബ്സ്ട്രാക്ട് പുസ്തകം പ്രകാശനം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്.
ഇ.എഫ്.സി.എസ്. ചെയർമാൻ പ്രൊഫ. ടി. പ്രദീപ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന, കോളേജ് സെക്രട്ടറി ഡോ. അലി ഫൈസൽ, മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. കുഞ്ഞാലവി, മാനേജർ എം. മുഹമ്മദ്, രസതന്ത്രവിഭാഗം അധ്യക്ഷൻ ഡോ. പി. റഫീഖ്, ജനറൽ കോഡിനേറ്റർ ഡോ. ഷാലിന ബീഗം എന്നിവർ സംസാരിച്ചു.
Content Highlights: An international conference on Emerging Frontiers in Chemical Sciences was inaugurated at Farook College by Prof Paul Weiss.