ഇല്ലത്ത് പാലത്തിന് 2.30 കോടിയുടെ എസ്റ്റിമേറ്റ്; ഭരണാനുമതിക്കായി സമർപ്പിച്ചു

അപകടാവസ്ഥയിലായ ഇല്ലത്ത് പാലം
അപകടാവസ്ഥയിലായ ഇല്ലത്ത് പാലം

വടകര: ചോറോട്-മലോൽമുക്ക്- ഓർക്കാട്ടേരി റൂട്ടിൽ തകർച്ചാഭീഷണിയിലായ ഇല്ലത്ത് പാലത്തിന് പകരം പുതിയ പാലം നിർമിക്കാനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാറിലേക്ക് സമർപ്പിച്ചു. 2.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പി.ഡബ്ല്യു.ഡി. പാലം വിഭാഗം തയ്യാറാക്കിയത്. പാലം വിഭാഗം കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നിന്നാണ് എസ്റ്റിമേറ്റ് ചീഫ് എൻജിനീയർ ഓഫീസിലേക്ക് അയച്ചത്. ഭരണാനുമതി കിട്ടിയാലുടൻ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിവേഗം പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. നടക്കുതാഴ-ചോറോട് കനാലിന് കുറുകെയാണ് ഇല്ലത്ത് പാലമുളളത്. കാലപ്പഴക്കം മൂലം നിലിവിലുള്ള പാലത്തിന്റെ കരിങ്കൽഭിത്തി തകർന്നുവീണ നിലയിലാണ്. അപകടഭീഷണി കണക്കിലെടുത്താണ് പാലം അടച്ചത്.

ഇല്ലത്ത് പാലം അടച്ചത് ഒക്ടോബർ 28നാണ്. പി.ഡബ്ല്യു.ഡി. ഡിസൈൻ വിഭാഗം പുതിയ പാലത്തിന്റെ രൂപകൽപ്പന തയ്യാറാക്കുന്നതിനായി അതേ ദിവസം ഇവിടെ സന്ദർശിച്ചിരുന്നു. പാലത്തിലൂടെയുള്ള യാത്ര അപകടകരമാണെന്ന് അന്നുതന്നെ പി.ഡബ്ല്യു.ഡി. വിധിയെഴുതുകയും വാഹനഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്തു. അതിനുമുമ്പ് വലിയ വാഹനങ്ങൾക്ക് ഇതുവഴി യാത്രാനിരോധനമുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് പൂർണമായും അടക്കാൻ തീരുമാനിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ ബദൽ മാർഗം ഒരുക്കാതെ പാലം അടച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും പോകാൻ വഴിയൊരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അനുവദിച്ചില്ല. ഓർക്കാട്ടേരി ടൗണിൽ നിന്നും മലോൽമുക്ക് ഭാഗത്തേക്ക് 40 ഓളം ഓട്ടോകൾ സർവ്വീസ് നടത്തുന്നുണ്ട്. ജനങ്ങളുടെ പ്രധാനായാത്രാമാർഗം ഇതാണ്. ഈ ഓട്ടോറിക്ഷകൾ ഇപ്പോൾ കുറിഞ്ഞാലിയോട് റോഡ് വഴി ആഴാട്ട് ക്ഷേത്രത്തിന് സമീപത്തേക്ക് കയറുകയാണ് ചെയ്യുന്നത്. ഈ റോഡ് മോശമാണ്. മാത്രമല്ല കുറച്ചധികം ചുറ്റിസഞ്ചരിക്കണം. യാത്രാനിരക്കും കൂടി. ഓട്ടോറിക്ഷകൾ ഓർക്കാട്ടേരി ടൗണിലൂടെ വേണം പോകാൻ. ഇത് ഓർക്കാട്ടേരിയിലെ ഗതാഗതക്കുരുക്കിന് ഒന്നുകൂടി ആക്കം കൂട്ടി. ജനുവരിയിൽ ഓർക്കാട്ടേരി ചന്ത തുടങ്ങിയാൽ ഇതുവഴിയുള്ള യാത്ര കൂടുതൽ പ്രയാസത്തിലാകും.

ബദൽവഴി ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും എങ്ങിനെ എന്നതുസംബന്ധിച്ച് വ്യക്തതയില്ല. കനാലിന് കുറുകെയാണ് പാലമുള്ളത്. ബദൽവഴി ഒരുക്കണമെങ്കിൽ കനാലിൽ വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പിട്ട ശേഷം മണ്ണിട്ടുയർത്തി പാതയാക്കണം. ഇത് ചെയ്താലും വാഹനങ്ങൾക്ക് റോഡിലേക്ക് കയറണമെങ്കിൽ സ്വകാര്യസ്ഥലത്തെ ആശ്രയിക്കണം. നിലവിൽ ബദൽവഴി ഒരുക്കാൻ പ്രായോഗികപ്രയാസങ്ങൾ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ സാധ്യതകളൊന്നും പരിശോധിച്ചിട്ടില്ല. സാധാരണഗതിയിൽ പുതിയ പാലം നിർമാണത്തിനായി പഴയ പാലം പൊളിക്കുമ്പോൾ ബദൽവഴി ആദ്യം ഒരുക്കാറുണ്ട്. ഇല്ലത്ത് പാലവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള കൂടിയാലോചനകളൊന്നും നടന്നിട്ടില്ല.

Content Highlights: An estimate of Rs 2.30 crore for the reconstruction of the dilapidated Illath Bridge on the Chorode-Malolmukku route in Vadakara has been submitted for administrative approval.