മൂന്നാമത്തെ പുസ്തകവുമായി കുഞ്ഞു സാഹിത്യകാരി ആഗ്ന യാമി

കോഴിക്കോട്: നാലാം ക്ലാസ് വിദ്യാർഥിനിയായ ആഗ്ന യാമി രചിച്ച മൂന്നാമത്തെ പുസ്തകം 'നന്മത്തുള്ളികൾ' മന്ത്രി പി.കെ. ബഷീർ പ്രകാശനംചെയ്തു. മന്ത്രിയിൽനിന്ന് ബാലസാഹിത്യകാരൻ കെ. ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി.
കമാൽ വരദൂർ അധ്യക്ഷനായി. മാതൃഭൂമി ലേഖകൻ അജയ് ശ്രീശാന്തിന്റെയും ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ് ശാരദാംബിക എന്ന തൂലികാനാമമുള്ള ആഗ്നയാമി. പുസ്തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായനിധിയിലേക്ക് നൽകും. ആഗ്ന യാമി ആരംഭിച്ച 'അക്ഷരക്കൂട്ട്' പദ്ധതിയുടെ ഭാഗമായി, കാൻസർ ബാധിതരായ കുട്ടികൾക്ക് നൽകുന്ന പുസ്തകങ്ങൾ മായനാട് കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആൻഡ് ക്രോണിക് ഇൽനെസ് സംഘടന പ്രസിഡന്റ് ഡോ. സുധ കൃഷ്ണനുണ്ണി രാജ ഏറ്റുവാങ്ങി.
ഷിബു ടി. ജോസഫ്, ജെയിംസ് ജോഷി, ആഷിക് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. മുൻ പ്രിൻസിപ്പൽ വിൽസൺ ജോർജ് പുസ്തകം പരിചയപ്പെടുത്തി.
Content Highlights: Fourth-standard student Agna Yami released her third book, Nanmathullikal, with proceeds pledged to help children suffering from SMA.