എസ്.എം.എ. ബാധിതർക്ക് സഹായം; ആവേശമായി സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ

മുക്കം: കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ കുരുന്നുകളുടെ ചികിത്സാ ധനസമാഹരണ പ്രചാരണത്തിന് കരുത്തേകാൻ മുക്കം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ ആവേശമായി. ഫൈനലിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് മാധ്യമപ്രവർത്തകരുടെ ടീമിനെ പരാജയപ്പെടുത്തി മുക്കം ഫയർഫോഴ്സ് ടീം ചാമ്പ്യന്മാരായി.
മുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ബി.ബി.എം. സ്പോർട്സ് ലാൻഡ് ടർഫിൽ നടന്ന മത്സരത്തിൽ മുക്കം പോലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ, കോഴിക്കോട്- മലപ്പുറം ജില്ലകളിലെ ഇൻഫ്ലുവൻസേഴ്സ് ടീമുകളാണ് മാറ്റുരച്ചത്.
ആദ്യ മത്സരത്തിൽ ഇൻഫ്ലുവൻസേഴ്സ് ടീമിനെ പരാജയപ്പെടുത്തി ഫയർ ഫോഴ്സ് ടീം ഫൈനലിലെത്തിയപ്പോൾ രണ്ടാം മത്സരത്തിൽ മുക്കം പോലീസിനെ കീഴടക്കി മാധ്യമപ്രവർത്തകർ കലാശപ്പോരിന് യോഗ്യത നേടി. മാധ്യമപ്രവർത്തകൻ സി. ഫസൽ ബാബുവാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ കാണാനും ആവേശപ്പോരാട്ടം ആസ്വദിക്കാനുമായി ഒട്ടേറെപ്പേരാണ് മൈതാനത്തെത്തിയത്.
ജേതാക്കളായ ഫയർഫോഴ്സ് ടീമിന് മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് റഫീഖ് തോട്ടുമുക്കവും സെക്രട്ടറി ദാസ് വട്ടോളിയും റണ്ണേഴ്സ് അപ്പായ മാധ്യമപ്രവർത്തകരുടെ ടീമിന് മലപ്പുറം ഫയർ ഓഫീസർ എം.എ. ഗഫൂറും സമ്മാനം നൽകി. മുക്കം എസ്.ഐ. എം. നിർമൽ, ഫയർ ഓഫീസർ ഇ.കെ. സലീം എന്നിവർ മുഖ്യാതിഥികളായി. മാധ്യമ പ്രവർത്തകരായ എൻ. ശശികുമാർ, ഫൈസൽ പുതുക്കുടി, രാജീവ് സ്മാർട്ട്, എം. ഉണ്ണിച്ചേക്കു, മുക്കം ബാലകൃഷ്ണൻ, ബി.കെ. രബിത്ത് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Content Highlights: Mukkam Fire Force won the celebrity friendly football tournament organized by Mukkam Press Club to raise treatment funds for children affected by SMA.