ഉപയോഗപ്രദമായ വസ്തുക്കൾക്ക് പുതുജീവൻ; സ്വാപ്പ് ഷോപ്പുമായി വിദ്യാർഥികൾ

കിഴക്കോത്ത്: ഉപയോഗയോഗ്യമായ വസ്തുക്കൾ പാഴാക്കാതെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ്, ഹരിതസേന, ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.
ശേഖരിച്ച വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവ താമരശ്ശേരി സാധു സഹായം – നാട്ടുകൂട്ടം ഡ്രസ് ബാങ്കിന് കൈമാറി. സാധു സഹായം ഡ്രസ് ബാങ്ക് രക്ഷാധികാരി എ.കെ.റാസിക്ക് ബാപ്പു ഏറ്റുവാങ്ങി. മാലിന്യം കുറയ്ക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, പുനരുപയോഗ സംസ്കാരം വളർത്തുക എന്നീ സന്ദേശങ്ങൾ പകരുന്നതായിരുന്നു പരിപാടി.
പ്രധാനാധ്യാപകൻ എം.വി.അനിൽ കുമാർ, കെ.എം.ഉഷ, സി.ജാസ്മിൻ, ആർ.കെ.ഹിഫ്സുൽ റഹ്മാൻ, സവിത പി.മോഹൻ, സി.സുൽഫത്ത് എന്നിവർ നേതൃത്വം നൽകി.