ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ചിത്രങ്ങളുമായി 'സ്വപ്നചിത്ര' മിഴിതുറക്കുന്നു

കോഴിക്കോട്: ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ വര്‍ണക്കൂട്ടുകളിലൊരുങ്ങുന്ന 'സ്വപ്‌നചിത്ര' പെയിന്റിങ്ങ് എക്‌സിബിഷന് തുടക്കമാവുന്നു. ഡ്രീം ഓഫ് അസ് എന്ന കൂട്ടായമ്‌യുടെ നേതൃത്വത്തില്‍ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയാണ് പ്രദര്‍ശനം. ഇത് നാലാം തവണയാണ് ഡ്രീം ഓഫ് അസ് ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിക്കൊണ്ട് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തുമുള്ള അറിയപ്പെടാത്ത ഭിന്നശേഷിക്കാരായ പെയിന്റിംഗ് കലാകാരന്മാരെ കണ്ടെത്തി അവരുടെ കലാസൃഷ്ടികള്‍ ശേഖരിച്ച് പ്രദര്‍ശനത്തിന് വയ്ക്കുകയാണ് സ്വപ്നചിത്രയിലൂടെ ഡ്രീം ഓഫ് അസ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 123 കലാകാരന്മാരുടെ ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശനത്തിനെത്തുക. പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ നേരിട്ട് വാങ്ങാം. ചിത്രത്തിന് ലഭിക്കുന്ന മുഴുവന്‍ തുകയും കലാകാരന്മാര്‍ക്ക് കൈമാറും.
13 ഭിന്നശേഷി വിഭാഗങ്ങളിലുള്ള കലാകാരന്മാരുടേതാണ് ചിത്രങ്ങള്‍. കഴിഞ്ഞ ആറ് മാസം കൊണ്ട് കേരളം മുഴുവന്‍ സഞ്ചരിച്ചാണ് ഡ്രീം ഓഫ് അസ് സംഘം കലാകാരന്മാരുടെ ചിത്രങ്ങള്‍ ശേഖരിച്ചത്. ഇവ ഭംഗിയില്‍ ഫ്രെയിം ചെയ്താണ് ഡ്രീം ഓഫ് അസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി 150ലധികം ചിത്രങ്ങളാണ് സ്വപ്‌നചിത്രയിലൂടെ പ്രദര്‍ശനത്തിനെത്തിയത്.
Content Highlights: dream of us swapnachithra painitng exhibition of differently abled artists