പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെത്തി; രോഷാകുലരായി ജനം

മറവൻതുരുത്ത്: വാളമ്പള്ളി പാലത്തിനുസമീപം കുടിവെള്ള പൈപ്പ് ലൈൻ തകർക്കുന്ന മരങ്ങളെക്കുറിച്ചുള്ള മാതൃഭൂമി വാർത്തയെ തുടർന്ന് കെ. ബിനിമോൻ എം.എൽ.എ. അടിയന്തരമായി ഇടപെട്ടതോടെ പി.ഡബ്ല്യു.ഡി. ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനെത്തി.
ഓവർസിയർമാരായ കെ.ആർ. രമ്യ, പി.എസ്. ചാരുത എന്നിവരാണ് മറവൻതുരുത്ത് പഞ്ചായത്തംഗം വനജ അനിൽകുമാറിനൊപ്പം പരിശോധനയ്ക്കായി എത്തിയത്.
വിവരമറിഞ്ഞെത്തിയ സമീപവാസികൾ നാളുകളായി പരിഹരിക്കാത്ത പ്രശ്നത്തിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
പാലാംകടവ്- ടോൾ റോഡിൽ വാളമ്പള്ളി പാലത്തിനോട് ചേർന്ന് വളർന്ന പ്ലാവും വാകമരവുമാണ് ഏതുനിമിഷവും കുടിവെള്ള പൈപ്പ് ലൈൻ തകർത്തു നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്.
ചുവടിളകിനില്ക്കുന്ന മരങ്ങൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലേക്ക് മറിഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്.
മരങ്ങളുടെ ഭാരം താങ്ങാനാവാതെ പൈപ്പ് ലൈനുകൾ ഉറപ്പിച്ചിരിക്കുന്ന ആംഗ്ലയറുകളുടെ വെൽഡിങ് പൊട്ടിയ നിലയിലാണ്.
മരങ്ങൾ കടപുഴകിയാൽ പൈപ്പ് ലൈൻ ഒന്നടങ്കം പുഴയിലേക്ക് പതിക്കും. ഒപ്പം പാലത്തിന്റെ കൈവരികൾ തകർന്ന് ഗതാഗതവും പൂർണമായി തടസ്സപ്പെടും.
കോട്ടയം ഭാഗത്തുനിന്നും ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡിലാണ് ഈ ഭീഷണി നിലനിൽക്കുന്നത്.
പൈപ്പ്ലൈൻ തകർന്നാൽ
പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം ദിവസങ്ങളോളം പൂർണമായി മുടങ്ങും.
കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലാകുന്നത്. വിഷയത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമി ഇത് വാർത്തയാക്കിയതോടെയാണ് ഇടപെടൽ ഉണ്ടായത്.