ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ‘ദാ,കാടിനുള്ളിലാണ്‌’

50000 ചതുരശ്രയടി കെട്ടിടം കാടുകയറി നശിക്കുന്നു

പാലാ : വലിയ പൊതുമേഖലാ സ്ഥാപനമായി യുവതലമുറയ്ക്ക് തൊഴിൽ പരിശീലനം നൽകേണ്ട സംരംഭം പാതിവഴിയിൽ നിർമാണം നിലച്ചു.

കാടുകയറി നശിക്കുന്നത് 50000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും.

പാലായ്ക്ക് അഭിമാനപദ്ധതിയായി മാറേണ്ട സ്ഥാപനത്തിന് നിർമിച്ച കെട്ടിടമാണ് കാടിനുള്ളിൽ മറഞ്ഞത്. മുത്തോലിയിൽ 12 വർഷംമുമ്പ് നിർമാണം തുടങ്ങിയ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കാമ്പസിനാണ് ഈ ദുർഗതി. കേറ്ററിങ് കോളേജ് ഉൾപ്പെടെയുള്ള പരിശീലനകേന്ദ്രങ്ങൾ തുടങ്ങാനാണ് പദ്ധതിയിട്ടത്.

മുത്തോലി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് കെട്ടിടനിർമാണം തുടങ്ങിയത്. പുലിയന്നൂർ-ആണ്ടൂർ റോഡിൽനിന്ന് നിർമാണസ്ഥലത്തേക്കുള്ള റോഡുപോലും ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു. സ്ഥാപനത്തിനായി 2014-ൽ നിർമാണം തുടങ്ങിയെങ്കിലും നിലച്ചു. ഒരുവർഷം മുമ്പ് 35 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി. അറിയിച്ചിരുന്നു.

അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശപ്രകാരം ധനകാര്യ ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ നേതൃത്വത്തിൽ നിർമാണം വിലയിരുത്തിയിരുന്നു. അന്നത്തെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചിരുന്നു. പുതുക്കിയ ഭരണാനുമതിപ്രകാരം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുവാനുള്ള വിഹിതത്തിന്റെ ബാക്കിത്തുക ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കാൻ നിർവഹണ ഏജൻസിയായ കെ.ഐ.ഐ.ഡി.സിക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളുണ്ടായില്ല. കെട്ടിടത്തിന്റെ 80 ശതമാനം പണിയും പൂർത്തിയായതിന് ശേഷമാണ് നിർമാണം നിലച്ചത്.​

ടൂറിസത്തിന്റെ നല്ല സാധ്യതകൾ

ടൂറിസ അവസരങ്ങളിലേക്കുള്ള വാതിൽ നാട്ടിലെ യുവാക്കൾക്കായി തുറക്കുന്ന സംരംഭമാണിത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കണം. ജോസ് കെ.മാണിയുടെ ശ്രമഫലമായാണ് സ്ഥാപനം മുത്തോലിയിൽ അനുവദിച്ചത്.

- ടോബിൻ കെ. അലക്‌സ് (മുത്തോലി സഹകരണബാങ്ക് പ്രസിഡന്റ്)

പൂർത്തിയാക്കണം

പാലാ മേഖലയിലെ വലിയ സ്ഥാപനമായി മാറേണ്ടതാണ് ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട്‌. മുടങ്ങിയ നിർമാണം പുനരാരംഭിക്കണം. മുത്തോലി പഞ്ചായത്തിനും നാടിനും അഭിമാനകരമായ പദ്ധതിയാണിത്.

റൂബി ജോസ് (മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്)