എം.സി. റോഡിൽ വഴിയോരക്കച്ചവടം; അപകടങ്ങൾ ഏറുന്നു

കുറിച്ചി : എം.സി. റോഡിൽ തുരുത്തിമുതൽ മന്ദിരംവരെയുള്ള ഭാഗങ്ങളിൽ അനധികൃത വഴിയോരക്കച്ചവടംകാരണം ഗതാഗതക്കുരുക്കും അപകടങ്ങളും കൂടുന്നു. പാതയോരങ്ങൾ കൈയേറിയുള്ള കച്ചവടംമൂലം കാൽനടയാത്രക്കാരും വാഹനയാത്രികരും ഭീതിയിലാണ് യാത്രചെയ്യുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മീൻ, തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന വാഹനങ്ങളും താത്കാലികഷെഡ്ഡുകളുമാണ് റോഡിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്നത്.
സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ റോഡിൽത്തന്നെ നിർത്തിയിടുന്നതുമൂലം എം.സി. റോഡിലൂടെയെത്തുന്ന മറ്റുവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല. വളവുകളും വീതികുറഞ്ഞ ഭാഗങ്ങളുമുള്ള ഈ മേഖലയിൽ പെട്ടെന്ന് വാഹനങ്ങൾ നിർത്തിയിടുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.
റോഡിലേക്ക് ഇറക്കിവെച്ച് കടകൾ
:അടുത്ത ദിവസങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്. രാത്രിയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രശ്നമാണ്. റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന കച്ചവടസാധനങ്ങളും ബോർഡുകളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായും പരാതിയുണ്ട്.
അനധികൃത കച്ചവടക്കാർക്കെതിരേ നടപടിയെടുക്കാനോ ഗതാഗതതടസ്സം ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരക്കേറിയ എം.സി.റോഡിൽ അപകടങ്ങൾ ഇല്ലാതാക്കാൻ പഞ്ചായത്തും പോലീസും മോട്ടോർവാഹനവകുപ്പും അടിയന്തരമായി ഇടപെട്ട് ഒഴിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.