പൊളിക്കുമോ, പൊളിഞ്ഞുവീഴുമോ...?

വെള്ളൂർ : വെള്ളൂർ പഞ്ചായത്തിലെ വടകര-കരിപ്പാടം ഇഞ്ചിക്കാലാ റോഡിലെ അപകടാവസ്ഥയിലുള്ള ശവക്കോട്ടപ്പാലം പുനർനിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് മൂന്നരപ്പതിറ്റാണ്ടിലേറെ പഴക്കം.
കരിപ്പാടം നിവാസികളും തലയോലപ്പറമ്പ്, മറവൻതുരുത്ത് ഭാഗങ്ങളിലുള്ളവരും വടകര ഭാഗത്തേക്ക് പോകാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.വെള്ളൂർ പഞ്ചായത്തിലെ 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പ്രധാന പാത.
38 വർഷം മുമ്പാണ് ശവക്കോട്ടപ്പാലം പണി പൂർത്തിയായത്. എന്നാൽ, നിർമാണത്തിലെ അപാകം കാരണം ഉദ്ഘാടനത്തിന് മുൻപുതന്നെ പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു.
മൂന്നരപ്പതിറ്റാണ്ടിലേറെയായി പാലത്തിന്റെ ഒരുഭാഗം താഴ്ന്ന നിലയിലാണ്. ഇതുവരെയും പാലം പുതുക്കിപ്പണിയാൻ പഞ്ചായത്ത് അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് ഭാരം കയറ്റിവന്ന ടിപ്പർലോറി പാലത്തിന്റെ ഒരുഭാഗത്തെ കൈവരി തകർത്ത് താഴേക്ക് പതിച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ഡ്രൈവർ രക്ഷപ്പെട്ടത്. ലോറിയുടമയാണ് തകർന്നുപോയ കൈവരി നിർമിച്ചുനൽകിയത്.
എന്നാൽ, കാലപ്പഴക്കത്താൽ ഇപ്പോൾ മറ്റ് കൈവരികൾ പലതും തകർന്ന നിലയിലാണ്. ഇതിനുപുറമേ സമീപന പാതയോട് ചേർന്നുള്ള കരിങ്കൽക്കെട്ടുകളിൽ വിള്ളൽ വീണ് ഭിത്തി ഇടിഞ്ഞിട്ടുണ്ട്. നിർമാണത്തിലിരിക്കെ പാലം തകർന്നതിനാൽ കരാറുകാരന് മുഴുവൻ തുകയും പാസാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പഞ്ചായത്തിനെയും ജില്ലാ കളക്ടറെയും പ്രതികളാക്കി കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി വിധിക്കെതിരേ പഞ്ചായത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപായി അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എത്രയും വേഗം പാലം പുനർനിർമിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.