വഴിനിറയെ കുഴികൾ, എങ്ങനെ യാത്രചെയ്യും...

അതിരമ്പുഴ : അതിരമ്പുഴ- നാൽപ്പാത്തിമല റോഡ് തകർന്നു. അതിരമ്പുഴ - പാറോലിക്കൽ റോഡിൽ ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡിന്റെ നാൽപ്പാത്തിമല വരെയുള്ള ഭാഗമാണ് തീർത്തും തകർന്നനിലയിലുള്ളത്. രാത്രി വാഹനങ്ങളുടെ അമിതവേഗവും കെണിയാകുന്നു. കഴിഞ്ഞദിവസം പാറോലിക്കൽഭാഗത്തുനിന്ന് അതിവേഗത്തിൽവന്ന മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്ക്, ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ച് ദമ്പതിമാർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ പല ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്. വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ ചാടി അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള റോഡിലെ കുഴികൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമേ തിരിച്ചറിയാൻ സാധിക്കുന്നുള്ളൂ. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. കുഴികൾ നികത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കത്ത് നൽകിയതായി വാർഡ് മെംബർ മറിയാമ്മ മാത്യു അറിയിച്ചു.