ജനറൽ ആശുപത്രിയിലേക്ക് കയറാൻ കഷ്ടപ്പാട്

​കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രി പ്രവേശന കവാടത്തിലെ റോഡ് വീണ്ടും തകർന്നു. രോഗികളെയുമായി ആംബുലൻസുകളും ഒട്ടേറെ വാഹനങ്ങളും എത്തുന്ന ആശുപത്രിയിലെ പ്രധാന പ്രവേശനകാവടത്തിലെ റോഡാണ് തകർന്നത്. ഇതുമൂലം വാഹനങ്ങൾ വേഗത്തിൽ ഇതുവഴി കടന്ന് പോകാൻ സാധിക്കുന്നില്ല.

മുൻപ് റോഡ് ഏറെനാളായി തകർന്ന് കിടന്നതോടെ താത്കാലികമായി കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചിരുന്നു. എന്നാൽ വീണ്ടും ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിലാണ്. കയറിപ്പോകുന്നതിനും തിരികെ ഇറങ്ങുന്നതിനുമായി ഈ ഒരു വഴിമാത്രമാണ് നിലവിലുള്ളത്. പുതിയ കെട്ടിടത്തിന്റെ നിർമാണങ്ങളുടെ ഭാഗമായി പുറത്തേക്ക് ഇറങ്ങുന്നതിനായി ആശുപത്രിയുടെ പിന്നിലൂടെ നിർമിച്ച വഴി അടച്ചിരുന്നു.

തിരിഞ്ഞ് കയറില്ല

:ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് റോഡിലേക്ക് തിരിഞ്ഞ് കയറുന്നത്. മുൻപ് അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകരയുമായെത്തി പോലീസ് ബസും മറ്റൊരു കെ.എസ്.ആർ.ടി.സി. ബസും തിരിഞ്ഞ് കയറാതെ ഇവിടെ കുടുങ്ങിയിരുന്നു.

ആശുപത്രിയിൽ നിന്ന് തിരികെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ഭാഗത്തേക്ക് തിരിയുമ്പോൾ ഇരുചക്രവാഹനയാത്രക്കാർ മുൻപ് പലതവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ആര് ശരിയാക്കും വെളിച്ചം

:ആശുപത്രിക്കവലയിൽ വെളിച്ചത്തിനായി സ്ഥാപിച്ച ഉയരവിളക്കിന്റെ പ്രവർത്തനം നിലച്ചിട്ട് നാളുകളായിട്ടും നന്നാക്കാൻ നടപടിയായിട്ടില്ല. രാത്രികാലങ്ങളിൽ ദേശീയപാതയിൽ കുന്നുംഭാഗം ടൗണിലും ആശുപത്രി പ്രവേശനകവാടത്തിലും ഇരുട്ടാണ്. ടൗണിലെ സ്ഥാപനങ്ങൾ കൂടി അടയ്ക്കുന്നതോടെ ആശുപത്രിയുടെ ഭാഗം പൂർണ്ണമായും ഇരുട്ടിലാകും.