കാറ്റിലും മഴയിലും കങ്ങഴയിൽ വ്യാപകനാശം

കങ്ങഴ : വ്യാഴാഴ്ച രണ്ടരയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കങ്ങഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. മരങ്ങൾ പിഴുതും ശിഖരങ്ങൾ ഒടിഞ്ഞുവീണും വീടുകളുടെ മേൽക്കൂരകളടക്കം തകർന്നു. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും തൂണുകൾ ഒടിയുകയും ചെയ്തു.
റബ്ബർ, പ്ലാവ്, ആഞ്ഞിലി, തെങ്ങ് തുടങ്ങിയ മരങ്ങളാണ് ഏറെയും വീണത്. കങ്ങഴ കാളച്ചന്ത റോഡിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
കങ്ങഴ ഒന്നാം വാർഡിൽ ഐക്കര വേണുഗോപാലിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര പൂർണമായി തകർന്നു. ചുവരുകൾക്കും കേടുപാടുകൾ ഉണ്ടായി. ഐക്കര ഹരിദാസിന്റെ വീടിന്റെ അടുക്കളയും മരം വീണ് തകർന്നു. രണ്ടാംവാർഡ് കാരുവേലി ഭാഗത്ത് പുതുപ്പറമ്പിൽ ശശിയുടെ പുരയിടത്തിലെ മരങ്ങൾ പിഴുത് വീണു, തേളോലിപ്പറമ്പ് ഭാഗത്ത് വ്യാപകമായി മരങ്ങൾ വീണ് വൈദ്യുതലൈനുകൾ പൊട്ടിവീണു, പന്തനാലിൽ ജേക്കബ് ജോർജിന്റെ വീടിന്റെ മേൽക്കൂര പുളിമരം വീണ് തകർന്നു. കാരുവേലി-പുതവാക്കുന്ന് റോഡിലും മരങ്ങൾ വീണു.