സംക്രാന്തിയെ വെട്ടിലാക്കി ഗതാഗതക്കുരുക്ക്

കോട്ടയം : സംക്രാന്തിയിലെ കടുത്ത ഗതാഗതക്കുരുക്ക് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. എം.സി. റോഡിന്റെ ഭാഗമായ സംക്രാന്തി ജങ്ഷനിൽ കോട്ടയം ഭാഗത്തേക്കും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒത്തുചേരുന്നതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. അശാസ്ത്രീയമായ ഗതാഗത സംവിധാനവും ജങ്ഷനുസമീപമുള്ള പാർക്കിങ്ങും കുരുക്ക് വർധിപ്പിക്കുന്നു. പാറമ്പുഴ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ചെറിയ റോഡിലൂടെ എം. സി. റോഡിലേക്ക് കടക്കുന്നത് ഇവിടെകുരുക്കിന് കാരണമാകുന്നു. രാവിലെയും െവൈകീട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. കവലയിൽ വീതിയില്ലാത്ത ഭാഗത്തുതന്നെ അനധികൃതമായി വാഹനങ്ങൾ പാർക്കുചെയ്യുന്നത് മറ്റൊരു കാരണമാണ്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് വിപുലമായ ട്രാഫിക് പരിഷ്‌കരണങ്ങൾ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസമിതി ഒരു മാസംമുന്പ് സംക്രാന്തി, കാരിത്താസ്, കുമാരനല്ലൂർ തുടങ്ങിയ പ്രധാന ജങ്ഷനുകളിൽ നേരിട്ടെത്തി പ്രത്യേക പരിശോധന നടത്തിയതാണ്. എന്നാൽ ഒരു നിർദേശവും നടപ്പായില്ല.