വടയാർ ആറ്റുവേല; ചാടിന്റെ പുനരുദ്ധാരണത്തിന് തുടക്കമായി

തലയോലപ്പറമ്പ് : വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ഉത്സവത്തിന്റെ ഭാഗമായുള്ള ആറ്റുവേല ചാടിന്റെ പുനരുദ്ധാരണത്തിന് തുടക്കംകുറിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മനയത്താറ്റുമന പ്രകാശൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മുഖ്യശില്പി വല്യാറമ്പത്ത് പ്രസാദ് ആചാരി ഉളികുത്ത് കർമം നിർവഹിച്ചു. 250 വർഷം പഴക്കമുള്ള ആറ്റുവേലച്ചാടിന്റെ ജീർണത പരിഹരിക്കാൻ തച്ചുശാസ്ത്രപ്രകാരം പുനരുദ്ധാരണം നടത്താനാണ് ഉപദേശസമിതിയുടെ തീരുമാനം. ജ്യോതിശാസ്ത്ര വിധിപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിലായിരുന്നു ചടങ്ങ് നടത്തിയത്. ബലിക്കൽപ്പുരയുടെ ഒരു തൂണിന് ആവശ്യമായ മരം വടക്കുംകൂർ കൊച്ചനാട്ട് കോവിലകത്ത് മനോഹരവർമയും പലകയ്ക്കുള്ള മരം മഞ്ജുഭവനത്തിൽ ശ്രീമോനും സമർപ്പിച്ചിരുന്നു.
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സനിൽകുമാർ, സെക്രട്ടറി അനൂപ് ബി.നായർ ക്ഷേത്രോപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
2027 ഏപ്രിൽ ഏഴ്, എട്ട് തീയതികളിലാണ് പ്രസിദ്ധമായ ആറ്റുവേല മഹോത്സവം.