മണിമലയാർ വരണ്ടുണങ്ങി

മുണ്ടക്കയം : തുലാമഴ കൃത്യമായി ലഭിക്കാതിരുന്നത് മൂലം നദികളിലെ നീരൊഴുക്ക് ഗണ്യമായി കുറയുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മണിമലയാറ്റിലെ ജലനിരപ്പ് ഡിസംബറിനും മുന്നേ തീരെ കുറഞ്ഞു.
മഴക്കാലത്ത് ബൈപ്പാസ് റോഡിലും പുത്തൻ ചന്തയിലും ജലനിരപ്പ് ഉയരും എന്ന് കാരണത്താൽ ശുദ്ധജലവിതരണ പദ്ധതിയിലേക്ക് ജലം തടഞ്ഞുനിർത്തുന്നതിനായി നിർമ്മിച്ച തടയണ തുറന്നുവിട്ടത് ജലഅതോറിറ്റിയുടെ വിതരണത്തെ തടസ്സപ്പെടുത്തി.ഇതേത്തുടർന്ന് ആഴ്ചകൾക്കു മുൻപ് ചെക്ക് ഡാം വീണ്ടും അടച്ചതോടെ അതോറിറ്റിയുടെ കിണറ്റിലേക്ക് ജലം എത്തിത്തുടങ്ങി. ഇതിനാൽ പമ്പിങ് പൂർണമായും മുടങ്ങുന്ന സ്ഥിതി ഒഴിവാക്കി. മഴ ഇനിയും പെയ്യാതിരുന്നാൽ ജല വിതരണത്തെ പ്രതികൂലമായി ബാധിക്കും.
മണിമലയാറിന്റെ തീരദേശവാസികൾ ഇവിടുത്തെ വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വേഗത്തിൽ നീരൊഴുക്ക് നിലയ്ക്കുന്നത് പ്രദേശത്ത് കടുത്ത ജലക്ഷാമത്തിന് ഇടയാകും.ഇങ്ങനെ വന്നാൽ മധ്യവേനൽ ആകുന്നതിനു മുൻപ് തന്നെ ജലം പണം നൽകി വാങ്ങേണ്ട അവസ്ഥയിലേക്ക് എത്തും.
നദിയുടെ ചെക്ക് ഡാമിലും കയങ്ങളിലും ഒഴുകിയെത്തിയ മണലും എക്കലും യഥാസമയം നീക്കം ചെയ്യാത്തതിനാൽ മഴക്കാലത്ത് എത്തുന്ന വെള്ളം നദീതടങ്ങളിൽ ശേഖരിക്കാതെ ഒഴുകി പോവുകയാണ്. ഇവ യഥാസമയം നീക്കംചെയ്താൽ കയങ്ങളിലും ചെക്ക് ഡാമിലും മറ്റും കൂടുതൽ ജലം മഴക്കാലത്ത് സംഭരിക്കപ്പെടും. മുൻകാലങ്ങളിൽ ഇങ്ങനെ സംഭരിക്കപ്പെടുന്നതിനാൽ ജലക്ഷാമത്തിന് പരിധിവരെ അയവ് വന്നിരുന്നു. ഇപ്പോൾ മഴക്കാലം നിലച്ചാൽ ഉടൻതന്നെ അരുവികളിലെയും മണിമലയാറ്റിലെയും ജലത്തിന്റെ ഒഴുക്ക് പെട്ടെന്നുതന്നെ നിലയ്ക്കുന്നു.