തലയോലപ്പറമ്പ് ഡി.ബി. കോളേജ് സംഘർഷം; രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഡി.ബി. കോളേജ് പരിസരത്തുണ്ടായ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ.അറസ്റ്റിലായ മിടായിക്കുന്നം സ്വദേശികളായ അബ്ദുൾ അസീസ് (26), മുഹമ്മദ് റഫ്സൽ (30) എന്നിവരെ കോടതി റിമാൻഡ്ചെ‌യ്തു.മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമാനൂരിനും കോട്ടയത്തിനും മധ്യേയാണ് ഇരുവരും പിടിയിലായത്.

​തലയോലപ്പറമ്പ് സി.ഐ. ജി.രജൻകുമാർ, എസ്.എച്ച്.ഒ. സബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. ടി.ആർ. രാജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോമോൻ, സി.പി.ഒ. ഷിൻ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം കോളേജിന് മുന്നിൽ വെച്ചാണ് രണ്ട് വ്യത്യസ്തസംഭവങ്ങളിലായി അക്രമം നടന്നത്. രാവിലെ 10.30-ഓടെ കോളേജിന് മുന്നിലെത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, യു.ഡി.എഫ്. പ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ സംഘം ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയടക്കം തള്ളിമാറ്റുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു ഒരു കേസ്.

സി.പി.എം. ഏരിയാ സെക്രട്ടറി ഡോ.സി.എം. കുസുമൻ, എസ്.എഫ്.ഐ. ഭാരവാഹികളായ അമലേന്ദു, രോഹിത്, സന്ദീപ് ദേവ്, സഞ്ജയ് ദത്ത്, ടി.എസ്. ധനേഷ്, അരുൺ സാബു, അനഘ, വന്ദന, അനന്യ എന്നിവരുടെ നേതൃത്വത്തിലുള്ള അൻപതോളം ആളുകളുടെ പേരിലാണ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തുടർന്ന് വൈകീട്ട് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം കോളേജിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ നാട്ടിയിരുന്ന കൊടിമരം പിഴുതെടുക്കാൻ ശ്രമിക്കുകയും ഇതു തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ ഇടിക്കുകയും ചെയ്തെന്നാണ് രണ്ടാമത്തെ കേസ്.രണ്ടുകേസുകളിലുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.