തട്ടുകടകളിൽ എണ്ണക്കെണി

35.5 ലിറ്റർ പഴകിയ എണ്ണ നശിപ്പിച്ചു

കോട്ടയം : ഭക്ഷ്യസുരക്ഷാവകുപ്പ് നഗരത്തിലെ തട്ടുകടകൾ, ബജിക്കടകൾ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നശിപ്പിച്ചത് ഉപയോഗയോഗ്യമല്ലാത്ത 35.5 ലിറ്റർ എണ്ണ. ഗുരുതര നിയമലംഘനം കണ്ടെത്തിയ ആറ്‌ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശിച്ചു.

30 സ്ഥാപനങ്ങൾക്ക് പിഴയീടാക്കി. 10 സ്ഥാപനങ്ങൾക്ക് തിരുത്തൽ നടപടി നോട്ടീസും നൽകി.

വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുകയും കടലാസിൽ സൂക്ഷിക്കുകയുംചെയ്ത 400 എണ്ണപ്പലഹാരങ്ങൾ, കൃത്രിമനിറങ്ങൾ ചേർത്ത 20 കിലോ തേയിലപ്പൊടി, കാലാവധി കഴിഞ്ഞ 10 ലിറ്റർ പാൽ എന്നിവ നശിപ്പിച്ചു.

രണ്ടുദിവസങ്ങളിൽ ആകെ 143 സ്ഥാപനങ്ങളിലാണ് ഓപ്പറേഷൻ തെളിമയുടെ ഭാഗമായി പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മിഷണർ സി.ആർ. രൺദീപ്, അസിസ്റ്റന്റ്‌ കമ്മിഷണർ എ.എ. അനസ് എന്നിവരുടെ മേൽനോട്ടത്തിൽ അഞ്ച് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഉപയോഗിച്ച എണ്ണ ഇന്ധനമാക്കാം

ഉപയോഗിച്ച എണ്ണ ആവർത്തിച്ച് പാകംചെയ്യാതെ ഭക്ഷ്യസുരക്ഷ അതോറിറ്റി ഓഫ് ഇന്ത്യ ആവിഷ്‌കരിച്ച റീ പർപ്പസ്ഡ് യൂസ്ഡ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതിയിലൂടെ ബയോഡീസൽ, സോപ്പ് എന്നിവയുടെ നിർമാണത്തിനായി സുരക്ഷിതമായി മാറ്റിയെടുക്കാം.

ജില്ലയിൽ എഫ്.എസ്.എസ്.എ.ഐ. അംഗീകാരമുള്ള അഞ്ച് വ്യാവസായിക ഏജൻസികൾ വഴിയാണ് എണ്ണ ശേഖരിക്കുന്നത്.

എണ്ണയിലെ ടി.പി.സി. അളവ് 25 ശതമാനത്തിന് കൂടുതലാണെങ്കിൽ ഏജൻസികൾ നേരിട്ടെത്തി ഇത് അളന്ന് തിട്ടപ്പെടുത്തി ശേഖരിക്കുന്നു. ലിറ്ററിന് 60 മുതൽ70 രൂപ വരെ നൽകി കൃത്യമായി രസീതോടെയാണ് എണ്ണ ശേഖരിക്കുന്നത്.