എവിടെ തിരിഞ്ഞാലും മാലിന്യക്കൂന

കോട്ടയം : പരിഹരിക്കാൻ പറ്റാഞ്ഞിട്ടല്ല. വേലിതന്നെ വിളവ് തിന്നുമ്പോൾ പിന്നെ പറഞ്ഞിട്ടെന്ത്. തൂത്തുവാരിക്കിട്ടുന്ന കരിയിലയും കടലാസും പ്ലാസ്റ്റിക് കൂടുകളുമെല്ലാം പാതയോരത്ത് 'സൂക്ഷിക്കുക'യാണ് നഗരസഭ. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ. തിരുനക്കരക്ഷേത്രം കവാടത്തിന് മുമ്പിൽ നിന്നാരംഭിച്ച് കുമരകം റോഡിലേക്കെത്തുന്ന ഭാഗത്താണ് മാലിന്യക്കൂന. ചാലുകുന്നിനും സി.എം.എസ്. കോളേജ് കവാടത്തിനും ഇടയിലുള്ള വാഴേമഠം ട്രാൻസ്ഫോർമറിന് സമീപത്താണിത്.
നേരത്തെ ഈ ഭാഗത്ത് മുകളിലെ വഴിയിലേക്ക് കയറിപ്പോകാൻ പടിക്കെട്ടുണ്ടായിരുന്നു. മഴ ശക്തമാകുമ്പോൾ ഇവിടെനിന്നുള്ള മാലിന്യം ഒഴുകി താഴ്ഭാഗങ്ങളിലെ വീടുകളിലേക്കും ഓടയിലേക്കും എത്തുന്നു. ഒരിക്കലും പരിഹരിക്കാനാകാത്ത മാലിന്യക്കാഴ്ചയാണ് ഇവിടുത്തേത്. പരാതി എത്ര ഉണ്ടായാലും അധികൃതർ തീരുമാനിക്കാതെ പ്രശ്നപരിഹാരമുണ്ടാകില്ല.
പരാതിപ്പെട്ട് ആദ്യദിനങ്ങളിൽ മാലിന്യം മാറ്റും. വീണ്ടും സംഗതി പഴയപടി. ദിവസങ്ങൾക്കുള്ളിൽ മാലിന്യം കുന്നുകൂടുന്നു. ആഴ്ചകൾ നീളും ഈ കാഴ്ച.