മണിമല റോഡിൽ ടാറിങ് തുടങ്ങി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല-കുളുത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ടാറിങ് തുടങ്ങി. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ ബി.എം. നിലവാരത്തിലുള്ള ടാറിങാണ് തുടങ്ങിയത്. ചിറക്കടവ് മണ്ണനാനി മുതൽ കാരയ്ക്കാമറ്റം വരെയുള്ള ടാറിങ്ങാണ് നിലവിൽ നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മണ്ണനാനി മുതൽ മണ്ണംപ്ലാവ് വരെയാണ് ടാറിങ് നടത്തുക. മണ്ണനാനിയിൽ കലുങ്ക് നിർമാണം നടത്തുന്ന സ്ഥലത്തുനിന്ന് മാറിയാണ് ടാറിങ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ മണ്ണനാനിയിലും മണ്ണാറക്കയത്തുമായി കലുങ്ക് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ ഗതാഗതനിയന്ത്രണമുണ്ട്. അടുത്ത ആഴ്ചയിൽ മണ്ണാറക്കയം ഭാഗത്ത് റോഡ് തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിർമാണം നടത്തുന്നവർ അറിയിച്ചു.
മണ്ണനാനിയിൽ കലുങ്കിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, സമീപനറോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ റോഡ് ഇതുവരെ തുറന്ന് നൽകാനായിട്ടില്ല. എത്രയും വേഗം താത്കാലികമായി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നിർമാണങ്ങളാണ് നടന്നുവരുന്നതാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ സെപ്തംബറിൽ തുടങ്ങിയ നിർമാണങ്ങൾക്ക് വേഗം കുറവാണെന്ന് ആരോപണമുയർന്നിരുന്നു.
മഴ വില്ലനാകുന്നു
:വൈകുന്നേരങ്ങളിലുള്ള മഴ ടാറിങ് ജോലികളെ ബാധിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളും ഉച്ചവരെയാണ് ടാറിങ് നടത്താനായത്. മഴയിൽ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. നിലവിൽ ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനലൂർ-പൊൻകുന്നം ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങൾക്ക് മണ്ണനാനിയിൽനിന്ന് പ്രവേശിച്ച് വിഴിക്കിത്തോട് എരുമേലി റോഡിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലും പൊൻകുന്നം കെ.വി.എം.എസ്. ജംങ്ഷനിൽനിന്ന് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് മണ്ണംപ്ലാവ് മുതൽ വിഴിക്കിത്തോട് റോഡിലേക്ക് പ്രവേശിക്കുന്ന ഇടംവരെയുള്ള ഭാഗത്ത് ടാറിങ്ങാണ് പൂർത്തിയാക്കുന്നത്.