വൈക്കത്തഷ്ടമി: ആദ്യ ഉത്സവബലി ദർശിച്ച് ഭക്തർ

വൈക്കം : വൈക്കത്തഷ്ടമി ഉത്സവത്തിലെ ആദ്യ ഉത്സവബലി ദർശനം അഞ്ചാം ഉത്സവദിനം നടന്നു. അഞ്ച്, ആറ്, എട്ട്, 11-ാം ഉത്സവ ദിവസങ്ങളിലാണ് ഏറെ താന്ത്രിക പ്രാധാന്യമുള്ള ഉത്സവബലി നടക്കുന്നത്.

നാലമ്പലത്തിന്റെ തെക്കുവശത്ത് പന്തലുകെട്ടി വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് അലങ്കരിച്ചുവെച്ചാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ നാരായണൻ നമ്പൂതിരി, എന്നിവർ മുഖ്യകാർമികരായിരുന്നു.ഭഗവാന്റെ അഷ്ടദിക്പാലകന്മാർക്കും ഭൂതഗണങ്ങൾക്കും ഹവിസ് ബലി അർപ്പിക്കുന്നതാണ് ഉത്സവബലിയുടെ പ്രത്യേകത.

രാവിലെ എട്ടിന് തുടങ്ങിയ ചടങ്ങുകൾ ഉച്ചയ്ക്ക് 2.30-നാണ് പൂർത്തിയായത്. തുടർന്ന് വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചു.

മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനൂപ് എസ്. നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ജീവോശ് കേശവൻ നമ്പൂതിരി എന്നിവരും സഹകാർമികരായിരുന്നു.