തുലാമഴയും പോളശല്യവും; കർഷകർ ആശങ്കയിൽ

കുറിച്ചി : തുലാമഴ ശക്തമായതോടെ കൃഷിയിറക്കാൻ ഒരുക്കിയ പാടശേഖരങ്ങളിൽ വീണ്ടും വെള്ളംകയറി. കൃഷിയിറക്കാൻ വൈകുന്നതിനാൽ ഇത്തവണത്തെ കൊയ്ത്ത് നടക്കാൻ വൈകുമെന്ന ആശങ്കയിലാണ് കർഷകർ. മഴയ്ക്കൊപ്പം തോട്ടിൽനിന്നും ആറ്റിൽ നിന്നും ഒഴുക്കുവെള്ളത്തോടൊപ്പം വൻതോതിൽ പോളയും പ്ലാസ്റ്റിക്കും മറ്റു മാലിന്യവും വീണ്ടും പാടശേഖരങ്ങളിലേക്ക് അടിഞ്ഞുകൂടിയതാണ് കൂടുതൽ പ്രശ്നമാകുന്നത്.
കൃഷി തുടക്കത്തിലേ പ്രതിസന്ധിയിലായതോടെ വരാനിരിക്കുന്ന വേനൽമഴയിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമോ എന്ന ഭീതിയും കർഷകരെ അലട്ടുന്നുണ്ട്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ പാടങ്ങൾ വീണ്ടും ഉഴുതുമറിച്ച് വിത്ത് വിതയ്ക്കണമെങ്കിൽ വൻ തുക അടിയന്തരമായി കർഷകർക്ക് ചെലവഴിക്കേണ്ടിവരും.
കൃഷി വൈകിയാൽ വിളവെടുപ്പ് വേനൽമഴയുടെ സമയത്തേക്ക് നീളും. പാടങ്ങളിൽ വെള്ളക്കെട്ടും പോളയും നിറഞ്ഞതോടെ വേനൽമഴയിലെ കാറ്റിലും മഴയിലും നെല്ല് വീണുനശിക്കാനുള്ള സാധ്യതയേറെയാണ്. മുൻവർഷങ്ങളിലുണ്ടായ നഷ്ടത്തിൽനിന്ന് ഇപ്പോഴും കരകയറാത്ത കർഷകർക്ക് ഇരട്ടിപ്രഹരമാണ് നിലവിലെ സ്ഥിതി.
പാടശേഖരങ്ങളിലെ വെള്ളവും പോളയും പെട്ടെന്ന് നീക്കംചെയ്യുന്നതിനും, നഷ്ടസാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.