വെള്ളക്കെട്ട്; കുരുക്ഷേത്രം കുളമായി

വാലടി : ഒറ്റ മഴയിൽത്തന്നെ വെള്ളക്കെട്ട് രൂക്ഷമായതോടെ കുരുക്ഷേത്രം കവല കുളമായി. തുലാമഴ കനത്തതോടെ വാലടി കുരുക്ഷേത്ര ജങ്ഷനിലെ ചെറുകുഴികൾ വലിയ കുഴികളായി. ഇതോടെ അപകടവും പതിവാകുന്നു. നിർമാണം നടക്കുന്ന തുരുത്തി- വീയപുരം റോഡിന്റെ വാലടി കുരുക്ഷേത്രം ജങ്ഷനാണ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായത്. ചങ്ങനാശ്ശേരി, കാവാലം, തുരുത്തി, കിടങ്ങറ ഭാഗങ്ങളിലേക്ക് തിരിയുന്ന പ്രധാന കവലയാണ് ഇത്. നൂറുകണക്കിന്‌ വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ അപകടവും ഇവിടെ പതിവാകുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരനായ ഒരു വയോധികൻ വെള്ളക്കെട്ടിൽപ്പെട്ട് അപകടം പറ്റിയിരുന്നു. ഓട്ടോസ്റ്റാൻഡായ ഇവിടെ ഓട്ടോറിക്ഷകൾ പാർക്കുചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും തകർന്നുകിടക്കുന്ന ഭാഗങ്ങൾ താത്കാലികമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.