ഇനിയൊരു ജീവനെടുക്കരുതേ...

പാലാ-പൊൻകുന്നം റോഡിൽ അമിതവേഗം നിയന്ത്രിക്കണം
എലിക്കുളം : വാഹനങ്ങളുടെ അമിതവേഗത്തിന്റെ ഇരയായി പി.പി.റോഡിൽ ഒരു മരണംകൂടി നടന്നപ്പോൾ ഇതിനെതിരേ ശക്തമായ നടപടി വേണമെന്ന് ജനങ്ങൾ. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പി.പി.റോഡിൽ അപകടങ്ങളേറെയും അമിതവേഗവും അശ്രദ്ധമായ മറികടക്കലും കൊണ്ടാണ്.
ഉരുളികുന്നം കല്ലോലിക്കൽ സുജിതകുമാരി (41)-യുടെ വേർപാടിനിടയാക്കിയ അപകടമാണ് ഏറ്റവുമൊടുവിലെ വലിയ അപകടം. പാലാ-പൊൻകുന്നം റോഡിൽ പൂവരണിയിൽ അമിതവേഗത്തിൽ വരുന്ന കാർ കണ്ട് അരികിലേക്ക് സ്‌കൂട്ടർ ഒതുക്കിനിന്നതായിരുന്നു സുജിത. എന്നിട്ടും ഇരയായി.
എലിക്കുളം ഭാഗത്തുനിന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാൻ അമിതവേഗത്തിലെത്തിയ കാർ എതിരേവന്ന കാറിലിടിക്കുകയും സുജിതകുമാരിയും ഇളയമകനും സഞ്ചരിച്ച സ്‌കൂട്ടറിലേക്കിടിക്കുകയുമായിരുന്നു. സുജിതകുമാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ മകൻ ചികിത്സയിലാണ്.
രണ്ടുമക്കൾക്ക് തുണയായി സുജിത മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് സന്തോഷ് വർഷങ്ങൾക്കുമുൻപ് രോഗബാധിതനായി മരിച്ചതാണ്. മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ ജീവനക്കാരിയായ സുജിത കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് അന്നുമുതൽ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയത്. സുജിതയുടെ മരണത്തോടെ മക്കൾ തനിച്ചായതും നാടിനെ നൊമ്പരപ്പെടുത്തുന്നു.
സുജിതയുടെ മരണത്തിനിടയാക്കിയ അപകടംനടന്ന സ്ഥലത്തുതന്നെ അന്നുരാത്രി മറ്റൊരു കാർ അപകടത്തിൽപെടുകയുംചെയ്തു. ഇതിന് സമീപംതന്നെ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.
പി.പി.റോഡിൽ പൊൻകുന്നംവരെ ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നൂറോളം അപകടങ്ങളാണുണ്ടായത്. വളവിലെ പ്രശ്നങ്ങൾമൂലം ചില അപകടങ്ങളുണ്ടായതൊഴിച്ചാൽ മറ്റുള്ളവയുടെയെല്ലാം പ്രധാന കാരണം അമിതവേഗവും അശ്രദ്ധമായ മറികടക്കലുമാണ്. തേഞ്ഞുതീർന്ന ടയറുകളുമായി ഓടിയ വാഹനങ്ങളും അപകടത്തിനിടയാക്കിയിട്ടുണ്ട്. ബ്രേക്ക് ചെയ്ത് റോഡിൽ തെന്നിമറിഞ്ഞാണ് ഇവ അപകടത്തിൽപെട്ടത്. ഇത്തരം അപകടമേറെയും മഴസമയത്താണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങും മരണകാരണമായിട്ടുണ്ട്. മുൻപ് വേഗനിയന്ത്രണത്തിന് ഇന്റർസെപ്റ്റർ പരിശോധനയും പോലീസിന്റെ നിരന്തര പരിശോധനയുമുണ്ടായിരുന്നു. ഇതൊന്നും ഇപ്പോഴില്ല. എ.ഐ.ക്യാമറകളുടെ പ്രവർത്തനവും പരിമിതം. വേഗനിയന്ത്രണത്തിന് പോലീസും മോട്ടോർവാഹനവകുപ്പും ശക്തമായ നടപടി എടുക്കണമെന്നാണ് അപകടങ്ങളിൽ മനസ്സ് മരവിച്ച നാട്ടുകാരുടെ അഭിപ്രായം.