നടയിരുത്തലിന്റെ വാർഷികത്തിൽ ശ്രീവളളിയമ്മ വിടചൊല്ലി

#സ്മിതേഷ് ഗോപിനാഥ്

ചങ്ങനാശ്ശേരി: നടയിരുത്തലിന്റെ 50-ാം വാർഷികത്തിലാണ് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രിയപ്പെട്ട ഗജറാണി 'പെരുന്ന ശ്രീവള്ളി'യുടെ വിയോഗം. നാടിന്റെയും വിശ്വാസികളുടെയും കണ്മണിയായിരുന്ന ശ്രീവള്ളി. അടുത്ത മാസം നടക്കേണ്ടിയിരുന്ന ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകൾക്ക് ഇനി വള്ളിയമ്മ ഇല്ലെന്ന സത്യത്തോട് പൊരുത്തപ്പെടാൻ അവർക്കായില്ല.

1976 ഒക്ടോബർ 28-ന് സ്കന്ദഷഷ്ഠിദിനത്തിലാണ് ശ്രീവള്ളിയെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. മുരുകഭക്തനായ പുഴവാത് ചിറയിൽ വീട്ടിൽ കമലാസനനാണ് ആനയെ വഴിപാടായി സമർപ്പിച്ചത്.

തനിക്ക് പെൺകുഞ്ഞ് പിറന്നാൽ പിടിയാനയെ നടയ്ക്കിരുത്താമെന്ന് കമലാസനൻ വഴിപാട് നേർന്നിരുന്നു. കോന്നി ആനക്കൂട്ടിൽനടന്ന ലേലംവിളിയിൽ 20,000 രൂപയ്ക്കാണ് ആനയെ സ്വന്തമാക്കി പെരുന്നയിലെത്തിച്ചത്. നാട്ടുകാരുടെയും ഭക്തരുടെയും സ്നേഹക്കൂട്ടിൽ വളർന്ന ശ്രീവള്ളിയെ പ്രദേശവാസികൾ സ്‌നേഹത്തോടെ ‘വള്ളിയമ്മ’ എന്നാണ് വിളിച്ചിരുന്നത്. ഉത്സവത്തിന്റെ എട്ടാംദിനത്തിൽ സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പേറ്റുന്നത് ശ്രീവള്ളിയാണ്.

എത്രപേരുള്ള ഗജവീരന്മാർ അണിനിരന്നാലും എട്ടാം ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശം ശ്രീവള്ളിക്ക് മാത്രമായിരുന്നു. കേരളത്തിലെ പ്രശസ്തമായ മറ്റു പല ക്ഷേത്രോത്സവങ്ങളിലും ശ്രീവള്ളി സ്ഥിരം സാന്നിധ്യമായിരുന്നു.

‘ഷൺമുഖപ്രിയ ഗജറാണി’ എന്ന ബഹുമതി നൽകി ദേവസ്വവും നാട്ടുകാരും ആദരിച്ചിട്ടുണ്ട്.

പെരുന്നയിലെ എല്ലാ വീട്ടുകാരുമായും ആനയ്‌ക്കുള്ള അടുപ്പം അത്ഭുതത്തോടെയാണ് പുറത്തുനിന്ന് വരുന്നവർ കണ്ടിരുന്നത്.