വെച്ചൂരിൽ കുടിവെള്ളമെത്തിക്കണം: പഞ്ചായത്തംഗത്തിന്റെ കുത്തിയിരിപ്പ് സമരം

വൈക്കം : വെച്ചൂരിൽ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കെ. സുരേഷ്കുമാർ വൈക്കം ജലഅതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മൂന്നാഴ്ചയായി വെച്ചൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നില്ല. പലവട്ടം ജല അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് ഒൻപതാം വാർഡ് മെമ്പർ കെ.സുരേഷ്കുമാർ വെള്ളിയാഴ്ച രാവിലെ പത്തോടെ വലിയകവലയിലെ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എൻ. നൂർജഹാനുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉടൻതന്നെ വെച്ചൂരിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ ഉച്ചയോടെ പഞ്ചായത്തംഗം സമരം അവസാനിപ്പിച്ചു. ശാസ്തക്കുളം, ഔട്ട്പോസ്റ്റ്, മഞ്ചാടിക്കരി, ഈട്ടുംപുറം, മറ്റം, അംബികാമാർക്കറ്റ്, ഇടയാഴം എന്നീ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ആഴ്ചയിൽ ഒരുദിവസം പോലും ഈ പ്രദേശങ്ങളിൽ വെള്ളം എത്താറില്ലെന്നും കെ.സുരേഷ്കുമാർ പറഞ്ഞു.