ഏറ്റുമാനൂർ ടൗൺ കീഴടക്കി തെരുവുനായ്ക്കൾ

ഏറ്റുമാനൂർ : ഏറ്റുമാനൂർ ടൗണും പരിസരപ്രദേശങ്ങളും കീഴടക്കി തെരുവുനായ്‌ക്കൾ. പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, കെ.എസ്ആർ.ടി.സി.സ്റ്റാൻഡ്, മാർക്കറ്റുകൾ എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാർ പലപ്പോഴും കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണ്. പാലാ റോഡിൽ പുന്നത്തുറ കവലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് അടുത്തിടെ കടിയേറ്റിരുന്നു.

ഏറ്റുമാനൂർ ടൗൺ, വടക്കേനട ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കുട്ടികളെയും മുതിർന്നവരെയും ഇവ ഒരുപോലെ ആക്രമിക്കുകയാണ്. നായ്ക്കളെ പേടിച്ച് രാവിലത്തെ നടത്തം പലരും ഉപേക്ഷിച്ചു. അതിരമ്പുഴ ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യമുണ്ട്. സ്കൂൾ വിദ്യാർഥികളും ആരാധനാലയങ്ങളിൽ പോകുന്നവരുമാണ് നായ ഭീഷണി കൂടുതൽ നേരിടുന്നത്. പള്ളി റോഡ്, ആശുപത്രി റോഡ്, മാർക്കറ്റ് റോഡ് തുടങ്ങിയ ഉൾറോഡുകളിലും നായ്ക്കൂട്ടം വൻതോതിൽ തമ്പടിച്ചിരിക്കുകയാണ്.