അഭിമാനപാലത്തിന് കാൽനൂറ്റാണ്ട്; അനുബന്ധറോഡ് ഇന്നും കടലാസിൽ മാത്രം

തലയോലപ്പറമ്പ് : സംസ്ഥാനത്ത് ആദ്യമായി ജനകീയാസൂത്രണത്തിലൂടെ പണിത തട്ടാവേലി പാലത്തിന് 25 വർഷം പൂർത്തിയാകുമ്പോഴും പ്രധാനറോഡിലേക്ക് പ്രവേശിക്കാനുള്ള സമീപനപാത ഇനിയും പൂർത്തിയാകാതെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു.
8.25 മീറ്റർ വീതിയിൽ പാലം പൂർത്തീകരിച്ചെങ്കിലും ആലിൻചുവട്ടിൽനിന്നും തട്ടാവേലി പാലത്തിലേക്ക് 190 മീറ്റർ ദൂരം വരുന്ന റോഡിന്റെ വീതി മൂന്നുമീറ്റർ മാത്രമായത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു.
റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയതോടെ യാത്രയും ദുഷ്കരമായി.റോഡിന് കിഴക്ക് ഭാഗത്തുനിന്നും എട്ടു ഭൂവുടമകളിൽനിന്ന് 198.57 ചതുരശ്ര മീറ്റർ സ്ഥലവും പടിഞ്ഞാറുഭാഗത്തുനിന്നും ഏഴ് ഭൂവുടമകളിൽനിന്നായി 153. 97 ചതുരശ്രമീറ്റർ സ്ഥലവും പി.ഡബ്ല്യു.ഡി. ഏറ്റെടുത്തു. തുടർന്ന് എട്ടുമീറ്റർവീതിയിൽ കല്ലിട്ടു.
ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയിട്ട് നാളുകളേറെയായി.
എന്നാൽ റോഡ് മാത്രം യാഥാർഥ്യമായില്ല.
മൂവാറ്റുപുഴയാറിനു കുറുകേ വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ചായിരുന്നു ജനകീയകൂട്ടായ്മയിൽ പാലം നിർമിച്ചത്.
പൊതുമരാമത്ത് ആറരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പാലം ജനങ്ങളുടെ കൂട്ടായ്മയിൽ 1.07 കോടി രൂപയ്ക്ക് നിർമാണം പൂർത്തീകരിച്ചു.
1998 സെപ്റ്റംബർ 26-ന് അന്നത്തെ സാംസ്കാരികമന്ത്രി ടി.കെ. രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നടത്തിയത്.140 മീറ്റർ നീളവും 8.25 മീറ്റർ വീതിയുള്ള പാലം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കി. 2001 മാർച്ച് അഞ്ചിന് മന്ത്രി പാലൊളി മുഹമ്മദുകുട്ടി പാലം നാടിനുസമർപ്പിച്ചു.
റോഡ് വീതികൂട്ടൽ
പൂർത്തീകരിക്കാൻ വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകൾ കമ്മറ്റി തീരുമാനമെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റോഡിനൊപ്പം പാലത്തിന്റെ അറ്റകുറ്റപ്പണിയും നടത്തണം
വസ്തു ഉടമകൾക്ക് നഷ്ടപരിഹാരത്തുക നൽകിക്കൊണ്ട് ആലിൻചുവട്-തട്ടാവേലിപാലം റോഡ് പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണം.25 വർഷം പിന്നിടുന്ന പാലത്തിന്റെ കൈവരികൾ പലഭാഗത്തും തകർന്നിട്ടുണ്ട്.ഇത് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണം.പാലത്തിന്റെ തട്ടാവേലി ഭാഗത്തെ സമീപനപാതയുടെ ഉയർന്നഭാഗം കരിങ്കൽകെട്ടി സംരക്ഷിക്കണം.
സി.വി. ഡാങ്കെ
തട്ടാവേലിൽ പൊതുപ്രവർത്തകൻ