കിടങ്ങൂരിൽ വാകമരം കടപുഴകി വാഹനങ്ങൾക്ക് കേടുപാട്; ഗതാഗതം തടസ്സപ്പെട്ടു

കിടങ്ങൂർ : പോലീസ് സ്റ്റേഷന് മുൻവശം നിന്നിരുന്ന വാകമരം റോഡിലേക്ക് കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നു. റോഡരികിൽ പാർക്കുചെയ്തിരുന്ന ടോറസ് ലോറിയും കാറുമാണ് മരത്തിനടിയിൽപ്പെട്ടത്.

സംഭവത്തിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണതിനെത്തുടർന്ന് ഓട്ടോറിക്ഷയ്ക്കും നാശനഷ്ടം സംഭവിച്ചു. ശനിയാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.

മരം വീണതിനെത്തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പാലാ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുനീക്കി. നാട്ടുകാരും പോലീസും വൈദ്യുതിവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു.

മരം വീണതിനെത്തുടർന്ന് നാല് വൈദ്യുതിപോസ്റ്റുകൾ തകർന്നതായും വൈദ്യുതി ബന്ധം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു.