വൈക്കം കണിയാംതോട്ടിൽ എന്ന് തെളിനീരൊഴുകും

​വൈക്കം : മലീമസമായി നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന കണിയാംതോട് വൃത്തിയാക്കി തെളിനീരൊഴുകാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായി. വൈക്കം നഗരസഭയിലെ പെരിഞ്ചില ഭാഗത്തുനിന്നും ആരംഭിച്ച് വേമ്പനാട്ട് കായലിൽ പതിക്കുന്ന രീതിയിലാണ് കണിയാംതോട് ഒഴുകുന്നത്. രണ്ടരക്കിലോമീറ്റർ നീളമാണ് തോടിനുള്ളത്.

ഏഴ് മീറ്റർ വീതിയും. വൈക്കം നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലൂടെയും ഉദയനാപുരം പഞ്ചായത്തിലെ 12, 16 വാർഡുകളിലൂടെയുമാണ് തോട് ഒഴുകുന്നത്. ഒരുകാലത്ത് തോടിന്റെ ഇരുകരകളിലുള്ളമുള്ളവർ കുളിക്കാനും വസ്ത്രം നനയ്ക്കാനും ഉപയോഗിച്ചിരുന്നത് തോട്ടിലെ വെള്ളമാണെന്ന് പ്രദേശവാസിയായ വ്യാപാരി ജോസഫ് പറയുന്നു.

കാലം മാറിയതോടെ തോട് മാലിന്യനിക്ഷേപകേന്ദ്രമായി മാറി. ശൗചാലയമാലിന്യം സ്ഥിരമായിതള്ളുന്ന സ്ഥലങ്ങളുണ്ട്. തോടിന്റെ ഇരുകരകളിലൂടെയും റോഡുള്ളതും തോടിനുകുറുകെ പലയിടത്തും പാലമുള്ളതും വാഹനങ്ങളിൽ മാലിന്യവുമായെത്തുന്നവർക്ക് എളുപ്പത്തിൽ മാലിന്യം തള്ളിയിട്ട് പോകാൻ വഴിയൊരുക്കുന്നതായി സമീപവാസിയായ അംബാവിലാസത്തിൽ വിവേക് പറഞ്ഞു.

കണിയാതോട് കള്ളുഷാപ്പിന് സമീപം തോട്ടിലേക്ക് ശൗചാലയമാലിന്യം തള്ളുന്നത് പതിവാണ്. നിരവധിതവണ പോലീസിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

നീരൊഴുക്കിന് തടസ്സം

തോട്ടിൽ നിലവിൽ പോളയും പായലും പുല്ലും നിറഞ്ഞ് കിടക്കുകയാണ്. ഇത് നീരൊഴുക്കിന് തടസ്സമാകുന്നുണ്ട്. ഇത് ചീഞ്ഞ് ദുർഗന്ധവും പരക്കുന്നുണ്ട്. ജലജന്യരോഗങ്ങൾക്കും കാരണമാകും. തോടിന്റെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന ചെറിയ മരങ്ങൾ തോട്ടിലേക്ക് വളർന്നും മറിഞ്ഞും കിടക്കുന്നത് തോട്ടിലേക്കായതും നീരൊഴുക്കിന് തടസ്സമാകുന്നുണ്ട്. വൈക്കം-എറണാകുളം റോഡിലുള്ള കണിയാംതോട് പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ തോട്ടിൽ ഉയർന്ന് നിൽക്കുന്നതിനാൽ വേനൽകാലത്തും ജലനിരപ്പ് കുറയുന്ന സമയത്തും വേലിയേറ്റവും വേലിയിറക്കവും നടക്കുന്നില്ല.