സ്നേഹദീപം മനുഷ്യനന്മയുടെ സന്ദേശം- മന്ത്രി മോൻസ്

കുറവിലങ്ങാട് : ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി മനുഷ്യനന്മയുടെ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി മോൻസ് ജോസഫ്. കുറവിലങ്ങാട് കളത്തൂരിൽ 66-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുര്യൻ ജോസഫ് വരകുകാലായിൽ സംഭാവന നൽകിയ സ്ഥലത്താണ് വീട് നിർമിക്കുന്നത്.
അമേരിക്കൻ മലയാളിയായ കിടങ്ങൂർ സ്വദേശി സൈമൺ കോട്ടൂരാണ് നിർമാണത്തിനുള്ള നാലുലക്ഷം രൂപ കുറവിലങ്ങാട് സ്നേഹദീപത്തിന് നൽകുന്നത്. കുറവിലങ്ങാട് സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ക്യാപ്റ്റൻ സിറിയക് സെബാസ്റ്റ്യൻ അധ്യക്ഷനായി. കാളികാവ് പള്ളി വികാരി ഫാ. ജോസഫ് പാണ്ട്യാമാക്കൽ ശില വെഞ്ചരിച്ചു.
ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി മത്തായി, സിൻസി ജെയ്സൺ, കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ്, പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.കെ. ശശികുമാർ, ജോർജ് ചെന്നേലി, ലതികാ സാജു തുടങ്ങിയവർ പങ്കെടുത്തു.