അയ്യപ്പാ, കാത്തോളണേ...

മുണ്ടക്കയം : ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കേ ദേശീയപാതയുടെ ഭാഗമായ കോട്ടയം-കുമളി റോഡിൽ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് തീർഥാടകരെ ബുദ്ധിമുട്ടിക്കും.
നാലുവർഷം മുൻപ് അമലഗിരിയിൽ കനത്തമഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ഇതേവരെ പുനർ നിർമിച്ചില്ല. ഇത്തവണ മഴക്കാലത്ത് രണ്ടിടങ്ങളിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. അമലഗിരിയിലും കടുവാപ്പാറയിലും, ഇതിൽ അമലഗിരിയിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു.
കടുവാപ്പാറയിൽ സംരക്ഷണഭിത്തി പുനർനിർമിക്കണം. അമലഗിരി ജങ്ഷനിൽ രണ്ടിടത്തായി ഇത്തവണ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണുംകല്ലും പൂർണമായും നീക്കിയിട്ടില്ല.
റോഡിന്റെ ഇരുവശങ്ങളിലും മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ വളർന്നുനിൽക്കുന്ന കാടുകൾ നീക്കി വരുന്നുവെങ്കിലും പൂർത്തീകരിച്ചില്ല. റോഡിലെ വെള്ളവരകൾ ദൃശ്യമാകുന്ന രീതിയിലേക്ക് എത്തിച്ചിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പരിഹരിക്കുന്നു
ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു വർഷം മുൻപ് ആരംഭിച്ച അറ്റകുറ്റപ്പണിയുടെ ഭാഗമായി മുണ്ടക്കയം മുതൽ കുമളി വരെയുള്ള 6400 മീറ്റർ സുരക്ഷാവേലികൾ സ്ഥാപിച്ചു. ദിശാസൂചന ബോർഡുകൾ ഏറെക്കുറെ ക്രമീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിനീക്കിത്തുടങ്ങി. കടുവാപ്പാറയിൽ സംരക്ഷണഭിത്തിയുടെ പുനർനിർമാണം ബുധനാഴ്ച ആരംഭിച്ചു. റോഡിലെ വെള്ളവരകൾ ഭൂരിഭാഗവും പുതുതായി വരച്ചു. ടാറിങ് ഇളകിപ്പോയ വളരെ കുറച്ച് സ്ഥലങ്ങളിൽ രണ്ടുദിവസം കൊണ്ട് അതും പൂർത്തീകരിക്കും. അപകടവളവുകളിൽ മിന്നുന്ന ലൈറ്റുകൾ ബുധനാഴ്ച സ്ഥാപിച്ചുതുടങ്ങി.
- എ.എൻ.സുര, അസി. എക്സിക്യുട്ടീവ് എൻജിനിയർ, ദേശീയപാത റോഡ് വിഭാഗം