കാരിവേലിൽ വീട് ഇനി കരുണാലയം...

അതിരമ്പുഴ : മക്കളില്ലാത്ത വൃദ്ധദമ്പതിമാരുടെ വീടും രണ്ട് ഏക്കറിലധികംവരുന്ന പുരയിടവും കരുണാലയത്തിനായി സംഭാവനചെയ്ത് കുടുംബാംഗങ്ങൾ. പരേതരായ കടപ്ലാമറ്റം കാരിവേലിൽ കെ.ടി. ജോസഫ്, അതിരമ്പുഴ ചാമക്കാലായിൽ സി.എം. ത്രേസ്യാമ്മ ദമ്പതിമാരുടെ അതിരമ്പുഴ പാറോലിക്കലുള്ള വീടും സ്ഥലവുമാണ് കരുണാലയം സ്ഥാപിക്കുന്നതിനുവേണ്ടി കട്ടപ്പന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ ഒ.എഫ്.എം. സഭയ്ക്ക് വിട്ടുനൽകിയത്.

വിമുക്തഭടനും വയർലസ് ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനുമായിരുന്നു കെ.ടി. ജോസഫ്. ഭാര്യ സി.എം. ത്രേസ്യാമ്മ അതിരമ്പുഴ സെയ്ന്റ് മേരീസ് സ്‌കൂൾ അധ്യാപികയായിരുന്നു. ദമ്പതിമാരുടെ മരണശേഷം ത്രേസ്യാമ്മയുടെ സഹോദരപുത്രൻ റിട്ട. പ്രഥമാധ്യാപകൻ സി.ജെ. മാത്യുവിന്റെയും കെ.ടി. ജോസഫിന്റെ സഹോദരൻ റിട്ട. എസ്.പി. കെ.ടി. മൈക്കിളിന്റെയും മേൽനോട്ടത്തിലായിരുന്നു വീടും സ്ഥലവും.

മക്കളില്ലാത്തതിനാൽ മരണശേഷം വീടുംസ്ഥലവും അനാഥാലയങ്ങൾക്കോ വൃദ്ധ സദനങ്ങൾക്കോ നൽകണമെന്നതായിരുന്നുദമ്പതിമാരുടെ ആഗ്രഹം.

വിൽപത്രം സി.ജെ. മാത്യു ചാമക്കാലായെ ഏല്പിച്ചിരുന്നു. ഫ്രാൻസിസ്‌കൻ ഒ.എഫ്.എം. കപ്പുച്ചിൻ സഭയ്ക്ക് ഫാ. ഫ്രാൻസിസ് സ്ഥാപക ഡയറക്ടറായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കരുണാലയങ്ങളും സ്‌നേഹാശ്രമങ്ങളുമുണ്ട്. വൃദ്ധദമ്പതിമാരുടെ ആഗ്രഹ സഫലീകരണത്തിനായി സഹോദരപുത്രൻ സി.ജെ. മാത്യു ചാമക്കാല ഭവനവും സ്ഥാവരജംഗമവസ്തുക്കളും കപ്പുച്ചിൻ സഭക്ക് കൈമാറി.