എ.ടി.എം. ഗ്രന്ഥശാലയുടെ നവീകരിച്ചകെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികവും

പൂഞ്ഞാർ : അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികവും ശനിയാഴ്ച നടക്കുമെന്െ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വായനശാല അങ്കണത്തിൽ 10-ന് നടക്കുന്ന സമ്മേളനം മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗ്രന്ഥശാലയുടെ പ്രസിഡന്റായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച ബാലചന്ദ്രമേനോന്റെ സ്മരണാർഥം നിർമിച്ച ഹാളിന്റെ ഉദ്ഘാടനം സി.പി.എം. നേതാവ് വൈക്കം വിശ്വൻ നിർവഹിക്കും.
മീനച്ചിൽ താലൂക്കിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള എ ഗ്രേഡ് ലൈബ്രറിയാണ് പൂഞ്ഞാർ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാല 1942-ലാണ് സ്ഥാപിതമായത്. ഇന്ത്യൻ കായികരംഗത്ത് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ജി.വി. രാജയുടെ അകാലത്തിൽ മൃതിയടഞ്ഞ മകൻ അവിട്ടം തിരുനാളിന്റെ സ്മരണാർഥം പണികഴിപ്പിച്ചതാണ് ഈ വായനശാല. ഗ്രന്ഥശാലകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന പി.എൻ. പണിക്കരുടെ കാലഘട്ടത്തിൽ ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വായനശാലയാണിത്.
ഗ്രന്ഥശാലയിൽ 20,400 പുസ്തകങ്ങളും ആയുഷ്കാല അംഗങ്ങളായ 158 പേർ ഉൾപ്പെടെ ആകെ 460 അംഗങ്ങൾ ഉണ്ട്.
ഐ.എ.എസ്. ഓഫീസറായിരുന്ന
സി.പി. രാമകൃഷ്ണപിള്ള, മുൻ ചീഫ് സെക്രട്ടറിമാരായ ആർ. രാമചന്ദ്രൻനായർ, കെ.ജെ. മാത്യു എന്നിവർ ഈ ഗ്രന്ഥശാലയിലെ അംഗങ്ങളായിരുന്നു. 13 സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവുമുള്ള ഗ്രന്ഥശാല ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാറുണ്ട്. 1968-ൽ പണിത കെട്ടിടം 15 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. ഗ്രന്ഥശാലയെ പുതുതലമുറയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ ഡിജിെറ്റെസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദിനപത്രങ്ങളും നിരവധി ആനുകാലികങ്ങളും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ ടെസ്റ്റ് ചെയർമാൻ രമേശ് ബി.വെട്ടിമറ്റം, ബി. ശശികുമാർ, വി.കെ. ഗംഗാധരൻ, കെ.കെ. സുരേഷ്കുമാർ, പി.കെ. ഷിബുകുമാർ തുടങ്ങിയവർ പങ്കെടുത്തു.