യാത്രമുടക്കുന്ന റോഡുപണി

കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മാറ്റമില്ലാതെ ദുരിതയാത്ര
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി റോഡിന്റെ ആദ്യ റീച്ചായ കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് മണ്ണനാനിയിൽ അടച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. മണിമലയിൽ താമസിക്കുന്നവർക്ക് വിവിധ ആവശ്യങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിലെത്താൻ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.
നിലവിൽ പല ബസുകളുടെയും സർവീസുകൾ വെട്ടിച്ചുരുക്കി. നഷ്ടം സഹിക്കാനാകാതെ ബസുടമകൾ സർവീസ് അവസാനിപ്പിച്ചാൽ റോഡ് ശരിയാക്കി കഴിഞ്ഞും യാത്രക്കാർക്ക് യാത്രാദുരിതം നേരിടേണ്ടി വരുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെയ്ക്കുന്നു.
പഴയ ടാറിങ് പൊളിച്ചു
കുരിശുങ്കലിനു സമീപത്തെ കലുങ്ക് മുതലുള്ള റോഡിലെ പഴയ ടാറിങ് പൊളിച്ച് നീക്കിത്തുടങ്ങി. ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണുകൾ നിർമിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കലുങ്ക് മുതലുള്ള ഭാഗത്തെ പഴയ ടാറിങ്ങാണ് നീക്കിത്തുടങ്ങിയത്. നേരത്തേ മണ്ണംപ്ലാവ് മുതൽ മണ്ണനാനി വരെയുള്ള ഭാഗത്തെ പഴയ ടാറിങ് നീക്കി മെറ്റലുകൾ വിരിച്ചിരുന്നു.