പാലമായി; പക്ഷേ, റോഡെവിടെ

നേരേകടവ്-മാക്കേക്കടവ് പാലം 18-ന് തുറക്കും
വൈക്കം : നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടി പുനർനിർമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നിർമാണം പൂർത്തിയായ നേരേകടവ്-മാക്കേക്കടവ് പാലം 18-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മാക്കേക്കടവിൽ ഉദ്ഘാടനം ചെയ്യുന്നതോടെ ഇതുവഴിയുള്ള വാഹനത്തിരക്ക് വർധിക്കും. പാലം തുറക്കുന്നതോടെ തുറവൂർ-പമ്പ ഗതാഗതപാതയിലൂടെ വലിയ തോതിലുള്ള യാത്രാസൗകര്യമാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്. തുറവൂരിൽനിന്ന് മാക്കേക്കടവുവരെയുള്ള ഭാഗവും ഉദയനാപുരംമുതൽ പമ്പവരെയുള്ള റോഡും വീതിയുള്ള മെച്ചപ്പെട്ട യാത്രാസൗകര്യവുമുള്ള റോഡാണ്. നേരേകടവ് മുതൽ ഉദയനാപുരംവരെയുള്ള രണ്ടര കിലോമീറ്റർ ദൂരംവരുന്ന പൊതുമരാമത്തുവകുപ്പ് റോഡ് ഇരുചക്രവാഹനയാത്രപോലും സാധ്യമാകാത്ത തരത്തിൽ തകർന്നു കിടക്കുകയാണ്.
റോഡിന് വീതിയില്ലാത്തതിനാൽ ഇവിടെ പലഭാഗത്തും എതിർ ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ചിലയിടങ്ങളിൽ ആറു മീറ്റർവരെ വീതിയുണ്ടെങ്കിലും വളവുകളിലടക്കം നാലുമീറ്റർ മാത്രം വീതിയുള്ള ഭാഗങ്ങളുമുണ്ട്.