അരുണാപുരത്ത് ബൈപ്പാസിലെ വെള്ളവര മാഞ്ഞു

പാലാ : അരുണാപുരത്ത് ബൈപ്പാസിൽ സ്വകാര്യ ആശുപത്രിയിലേക്കുള്ള റോഡുമായി വേർതിരിക്കുന്ന ഭാഗത്ത് വെള്ളവരകൾ ഇല്ലാത്തത് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. ഇത് അപകടങ്ങൾക്കിടയാക്കുന്നു. മരിയൻ ആശുപത്രി ജങ്ഷനിൽനിന്ന് ബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്താണ് റോഡിന്റെ മധ്യഭാഗത്ത് വെള്ളവരകൾ ഇല്ലാത്തത്.

കോട്ടയം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ മരിയൻ ജങ്ഷനിൽ തിരിഞ്ഞശേഷം ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിന് പകരം മരിയൻ ആശുപത്രിയിലേക്കുള്ള റോഡിലൂടെ നേരെ പോകുന്ന സ്ഥിതിയുണ്ട്. സ്ഥലപരിചയമില്ലാത്ത വാഹനയാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലെ ദിശാസൂചനകളുടെയും മധ്യവരകളുടെയും അഭാവം ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.

റോഡിന്റെ മധ്യഭാഗത്ത് വെള്ളവരകൾ വരയ്ക്കുകയും ആവശ്യമായ ദിശാസൂചനകൾ സ്ഥാപിക്കുകയും ചെയ്താൽ വാഹനങ്ങൾക്ക് കൃത്യമായി പാത തിരിച്ചറിയാനും സുഗമമായി സഞ്ചരിക്കാനും സാധിക്കും.വാഹനങ്ങളുടെ സുരക്ഷയും ഗതാഗതക്രമീകരണവും ഉറപ്പാക്കാൻ ഈ ഭാഗത്ത് അടിയന്തരമായി റോഡ് മാർക്കിങ്ങുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.