നഗരത്തിലെത്തിയാൽ വാഹനംഎവിടെ പാർക്ക് ചെയ്യും

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗരത്തിൽ വാഹനവുമായെത്തിയാൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ വണ്ടിയെവിടെ പാർക്ക് ചെയ്യും. നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾക്ക് പോലും സ്വന്തമായി പാർക്കിങ് സംവിധാനമില്ലാത്ത അവസ്ഥയാണ്. പലയിടത്തും പാർക്കിങ് മൈതാനം വാടകയ്‌ക്കെടുത്താണ് വ്യാപാരികൾ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നത്.

നഗരസഭയുടെ നേതൃത്വത്തിൽ പേ ആൻഡ് പാർക്ക് സംവിധാനമൊരുക്കണമെന്ന ആവശ്യത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. നഗരത്തിൽ ഒരിടത്തും പൊതുപാർക്കിങ് സംവിധാനമില്ല. ഇതുകാരണം പ്രധാനപാതകളുടെ വശങ്ങളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. പെരുന്ന എൻ.എസ്.എസ്. കോളേജിന് മുൻവശം എം.സി.റോഡിന് ഇരുവശവും രാവിലെയിടുന്ന വാഹനങ്ങൾ എടുത്തുകൊണ്ടുപോകുന്നത് വൈകുന്നേരങ്ങളിലാണ്. ഇവിടെ നടപ്പാതയിൽ കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സാധാരണമാണ്.ചെറുവാഹനങ്ങൾക്ക് നിരക്ക് ഈടാക്കി പാർക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കിയാൽ നഗരസഭയ്ക്കും വരുമാനമാകും. ഇത് ചർച്ച ചെയ്തതെങ്കിലും നടപ്പായിട്ടില്ല.

നഗരസഭയ്ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങളുണ്ടെങ്കിലും ഇതിനായി വിനിയോഗിക്കാൻ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളും ഉപഭോക്താക്കളുമടക്കമുള്ളവരുടെ പരാതി.