നോക്കാനാളില്ല, പാർക്കിങ് തോന്നിയപടി

കാഞ്ഞിരപ്പള്ളി : പട്ടണത്തിൽ പാർക്കിങ് നിയന്ത്രണങ്ങളിൽ നടപടികളില്ലാതായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പാതയോരത്ത് വലിയ വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നതാണ് ബുധനാഴ്ച രാവിലെയുണ്ടായ ഗതാഗതക്കുരുക്കിന് കാരണം. ദേശീയപാതയിൽ കുരിശുങ്കൽ മുതൽ പേട്ടക്കവല വരെയുള്ള ഭാഗത്ത് ദേശീയപാതയിലെ വെള്ളവര കടന്നുള്ള വാഹന പാർക്കിങ് നിരോധിച്ചിരുന്നു.
പോലീസും പഞ്ചായത്ത് അധികൃതരും ചേർന്നെടുത്ത ട്രാഫിക് പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ടി.വി.എസ്. റോഡിലെ വൺവേ, പകൽസമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴിയോരത്ത് വലിയവാഹനങ്ങൾ നിർത്തി സാധനം ഇറക്കുന്നതിനുള്ള നിരോധനം, ബസ് സ്റ്റാൻഡിലേക്ക് മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിരോധനം എന്നിവയും പാലിക്കുന്നില്ല. ടൗണിലെ ബസ്സ്റ്റോപ്പുകളിൽ വരുത്തിയ മാറ്റം മാത്രമാണ് ഇപ്പോഴും തുടരുന്നത്.