പെണ്ണാർ തോട് നിശ്ചലം; യാത്രാപ്പെരുമ ഒാർമ്മ

ഏറ്റുമാനൂർ : ദേശീയ ജലഗതാഗത പാതയിലുൾപ്പെട്ട പെണ്ണാർ തോട് തെളിമയോടെ ഒഴുകേണ്ടത് പടിഞ്ഞാറൻ മേഖലയിലെ കർഷകരുടെ നിലനിൽപ്പിനും അനിവാര്യം.

അപ്പർകുട്ടനാട്ടിലെ ഏറ്റവും വാണിജ്യപ്രധാനമായ ജലാശയമാണ് പെണ്ണാർ തോട്.അതിരമ്പുഴ വേദഗിരിയിൽനിന്ന് ആരംഭിച്ച് അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, അയ്‌മനം പഞ്ചായത്തുകളിലൂടെ ഒഴുകി മീനച്ചിലാറിൽ ചേരുന്നതാണ് പെണ്ണാർ തോട്.പൗരാണിക വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴയിലെ ചരക്കുനീക്കം പെണ്ണാർതോടിലൂടെയായിരുന്നു. ആലപ്പുഴയിൽനിന്ന് ഉത്പന്നങ്ങൾ അതിരമ്പുഴയിലെത്തിച്ചു.

ജലഗതാഗതത്തിന് തടസ്സം നേരിട്ടതോടെയാണ് അതിരമ്പുഴയുടെ വാണിജ്യപ്പെരുമ നഷ്ടമാകുന്നത്. ഒഴുക്ക് സുഗമമാക്കി മാലിന്യം നീക്കംചെയ്യുന്ന കാര്യത്തിൽ പഞ്ചായത്തുകൾ ഒന്നും ചെയ്തില്ല.

പലഭാഗത്തും എക്കൽ അടിഞ്ഞ് പായലുംകെട്ടി ഒഴുക്ക് നിശ്ചലമായി.ജലമൊഴുക്ക് ഇല്ലാത്തതാണ് പെണ്ണാർ തോട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. നാല് പഞ്ചായത്തുകളിലെ കൃഷിക്കാർ ആശ്രയിക്കുന്ന ഒരു ജലാശയവുംകൂടിയാണ് ഇത്.

യാത്രാപദ്ധതി

കുമരകത്തുനിന്ന് ആരംഭിച്ച് അതിരമ്പുഴയിൽ അവസാനിക്കുന്ന രീതിയിലുള്ള പെണ്ണാർ തോടിലൂടെയുള്ള യാത്ര വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകും.

മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ആശ്രമദേവാലയം, കുടമാളൂരിൽ വിശുദ്ധ അൽഫോൻസാമ്മ ജന്മഗൃഗം, കുമാരനല്ലൂർ ദേവീക്ഷേത്രം, അതിരമ്പുഴ പള്ളി, ഏറ്റുമാനൂർ മഹാദേവക്ഷേത്രം തുടങ്ങിയവ ബന്ധിപ്പിച്ച ജലയാത്ര നടപ്പാക്കാനാകും.