പാലം കടന്നു; ഇനി റോഡ് കടക്കണം

അഷ്ടമിയും മണ്ഡലകാലവും പടിവാതിൽക്കൽ

വൈക്കം : കാത്തിരിപ്പിനൊടുവിൽ നേരേകടവ്- മാക്കേക്കടവ് പാലം തുറന്നു. യാത്രയും തുടങ്ങി. പാലത്തിൽനിന്ന് സുരക്ഷിതമായി വൈക്കം- എറണാകുളം പാതയിലെത്താനുള്ള റോഡിന്റെ സ്ഥിതി മോശം.

നേരേകടവ്- മാക്കേക്കടവ് പാലം യാഥാർഥ്യമായതോടെ വൈക്കത്തിന്റെ ഗതാഗതമേഖലയിൽ വലിയൊരു മാറ്റത്തിനാണ് വഴിതുറന്നത്. എന്നാൽ, പാലത്തിൽനിന്ന് ഉദയനാപുരംവരെയുള്ള ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കായെത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലാത്ത പാത. വീതികുറഞ്ഞ്‌ പൊട്ടിപ്പൊളിഞ്ഞ റോഡാണ് പ്രതിസന്ധി. വൈക്കത്തഷ്ടമിയും മണ്ഡലകാലവും അടുത്തെത്തിയിരിക്കെ ആലപ്പുഴജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ ഈ വഴിയിലൂടെ എത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകും.

അപകടങ്ങൾ പതിയിരിക്കുന്ന വഴി

:ഉദയനാപുരത്തുനിന്ന് നേരേകടവ് ഭാഗത്തേക്ക് നീളുന്ന റോഡിന്റെ ഏകദേശം ഒന്നരക്കിലോമീറ്ററും പാമ്പിഴഞ്ഞാൽ തോടിന്റെ അരികിലൂടെയാണ്. തോടിന്റെ വശത്തെ കൽക്കെട്ടുകൾ പലയിടത്തും തകർച്ചയുടെ വക്കിലാണ്. റോഡിന്റെ അരികുകളും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. വശങ്ങൾ തിരിച്ചറിയാൻ മുന്നറിയിപ്പ് മാർക്കുകൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെ വേലിയേറ്റ സമയത്ത് റോഡിലേക്ക് വെള്ളം കയറും.

മൂന്ന് കലുങ്കുകളുംവലിയ വളവുകളും

:രണ്ടരക്കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരു ചെറിയ പാലവും മൂന്ന് കലുങ്കുകളാണുള്ളത്. ഇവിടങ്ങളിൽ ഒരേസമയം ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണുള്ളത്. എതിർദിശയിൽ വാഹനങ്ങൾ എത്തിയാൽ കാത്തുനിൽക്കേണ്ടിവരും. വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഈ ഭാഗങ്ങൾ ഗതാഗതക്കുരുക്കിന്റെ കേന്ദ്രങ്ങളായി മാറും. നാല് വലിയ വളവുകളും ഒട്ടേറെ ചെറിയ വളവുകളും റോഡിലുണ്ട്.

വീതികുറഞ്ഞ പാതയിലൂടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളും സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്.

രണ്ട് വലിയ വാഹനങ്ങൾ എതിർദിശയിൽ വന്നാൽ സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ വീതിയില്ലെന്നതാണ് പ്രധാന പ്രശ്‌നം.

കൂടുന്ന വാഹനങ്ങളും വർധിക്കുന്ന ആശങ്കയും

:നേരേകടവ്- ഉദയനാപുരം റോഡ് നിലവിൽ തന്നെ തകർച്ച നേരിടുകയാണ്. പാലം തുറന്നതോടെ വാഹനങ്ങളുടെ എണ്ണം വർധിച്ചു. റോഡിന്റെ അവസ്ഥ കൂടുതൽ മോശമായി. തോടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികൾ തകർന്നതും റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതുടങ്ങിയതും ആശങ്കാജനകമാണ്.

10 കോടി അനുവദിച്ചു; കാത്തിരിക്കണം

:നേരേകടവ് ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പാലം ഉദ്ഘാടനച്ചടങ്ങിലും മന്ത്രി പി.കെ. ബഷീർ അറിയിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിക്കായി സർക്കാരിലേക്ക് 10 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ട് മൂന്നുമാസമായിട്ടും നടപടിയില്ല. ഒന്നര കിലോമീറ്റർ തോടിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനത്തിനായി 4.60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, പഠനവും തുടർനടപടികളും പൂർത്തിയാക്കി നിർമാണം യാഥാർഥ്യമാകാൻ ഒരുവർഷമെങ്കിലും വേണ്ടിവന്നേക്കാം.

റോഡ് വികസിപ്പിക്കാൻ ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രിയും ഉദ്ഘാടനച്ചടങ്ങിനിടെ പ്രഖ്യാപിച്ചതും പ്രതീക്ഷ നൽകുന്നുണ്ട്.