അക്കരെയിക്കരെ പോകാം; പക്ഷേ, ഇടറോഡുകൾ എന്താകും...?

കോട്ടയം : നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ യാത്രാ സ്വപ്നങ്ങൾ സാക്ഷാത്കാരമാക്കുകയാണ് മാക്കേക്കടവ് - നേരേകടവ് പാലം. വേമ്പനാട് കായലിനു കുറുകെയുള്ള പാലം യാത്രാമാർഗമെന്നന്നതിലുപരി സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു 'വൈറൽ സ്പോട്ട്' കൂടിയായി മാറിയിട്ട് ആഴ്ചകളായി. എന്നാൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് കാഴ്ചകൾ കാണാൻ നൂറുകണക്കിനാളുകൾ ഒഴുകിയെത്തിയതോടെ അവസാനമിനുക്കുപണികൾക്ക് ബുദ്ധിമുട്ടായി. അതോടെ ഉദ്ഘാടനദിനംവരെ പൂർണമായും അടച്ചിടാൻ നിർബന്ധിതരാകുകയായിരുന്നു അധികൃതർ. എങ്കിലും ആലപ്പുഴയിൽനിന്ന് അനുദിനം റോഡുമാർഗംവന്ന് ഇവിടുത്തെ അനുബന്ധ യാത്രാവഴികൾ കണ്ട് പോകുന്നുണ്ട് പലരും.

‘‘പാലം വന്നിട്ട് മാത്രം കാര്യമില്ലല്ലോ. വൈക്കത്തുനിന്ന് പാലത്തിലേക്കുള്ള യാത്രാവഴികൾ വളരെ ഇടുങ്ങിയതാണ്. കുറെയേറെ ഇടുങ്ങിയകലുങ്കുകൾ ഒക്കെ ശരിയാക്കിയാലേ കാര്യമുള്ളൂ’’ -ചേർത്തലയിൽനിന്നെത്തിയ ഒരുസംഘം പറയുന്നു. കാലങ്ങളായി കാത്തിരുന്ന പാലം കൺമുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ കുറെയേറെ നഷ്ടങ്ങളുടെ നൊസ്റ്റാൾജിയ സങ്കടങ്ങളിലാണ് െെവക്കം നേരേകടവ് ഭാഗത്തെ ചില ആളുകൾ.

‘‘ 100-ലേെറ വർഷംമുന്പ് എന്റെ അപ്പൂപ്പനായിട്ട് കടവിൽ ചായക്കട തുടങ്ങിയതാണ്. വള്ളത്തിലും പിന്നീട് ജങ്കാറിലും അക്കരെയിക്കരെ പോകാൻ തുടങ്ങിയ കാലത്തൊക്കെയായി കച്ചവടം പൊടിപൊടിച്ചിരുന്നു. എന്നാൽ 18-ന് പാലം തുറക്കുന്നതോടെ അവസാന ജങ്കാർ യാത്ര അവസാനിക്കും. അതോടെ യാത്രക്കാർ ചായക്കടയിൽ എത്തുമോയെന്ന് സംശയമാണ്.’’-നേരേകടവ് ഇറ്റാംതറ വീടിനോട് ചേർന്ന് ചായക്കട നടത്തുന്ന ബൈജു ശ്രീധരൻ പറയുന്നു.

ആദ്യം വള്ളങ്ങളിലും പിന്നീട് ജങ്കാറിലും അക്കരെ പോയി ചേർത്തല മാക്കേക്കടവ് കടവിേനാട് ചേർന്നുള്ള സ്കൂളിലും ചേർത്തല എൻ.എസ്.എസ്. കോളേജിലുമാക്കെ പഠിച്ച പലരേയും തനിക്കറിയാമെന്ന് കടത്തുകാരനായിരുന്ന കുമാരൻ പറയുന്നു. ‘‘കാലണയ്ക് ഒരാളെ അക്കരെ കൊണ്ടുപോയ കാലം ഓർക്കുന്നു. പിന്നീട് അത് ഒരുരൂപ വരെ എത്തി. നിലവിൽ ഒരാൾക്ക് ഒരു വശത്തേക്ക് ജങ്കാറിൽ പോകാൻ അഞ്ച് രൂപയാണ് നൽകേണ്ടത്.’’- കുമാരൻ പറയുന്നു.

വൈറ്റില,േകാട്ടയം, ശബരിമലയാത്ര എളുപ്പം

പാലം തുറക്കുമ്പോൾ അക്കരെയിക്കരെ ജില്ലകളിലേക്കുള്ള യാത്ര അനായാസമാകുമ്പോൾ ഗുണങ്ങൾ പലതുണ്ടെന്ന് നാട്ടുകാരായ മോഹൻ പായപ്പള്ളി, മാധവസദനം വിജയൻ, ചാണിയിൽ ദിവാകരൻ എന്നിവർ പറയുന്നു.

മാക്കേക്കടവിൽ എത്തിയാൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ വൈറ്റിലയിൽ എത്താം. ചേർത്തയിലേക്കും ഏകേദശം അത്ര കിലോമീറ്റർ ദൂരം മതി.

നേരേകടവിൽ എത്തിയാൽ അക്കരെക്കാർക്ക് കോട്ടയത്തേക്കും തൃപ്പൂണിത്തുറയിലേക്കും വേഗം എത്താനാകും.

ശബരിമല സീസണിൽ പാലം തീർഥാടകർക്ക് ഗുണകരമാകും.

റോഡ് ആകാം; തോട് നികത്തരുത്

2016-ലാണ് പാലത്തിന്റെ നിർമാണത്തിനായി മണ്ണുപരിശോധന നടത്തി തുടക്കമിട്ടത്. അതേപോലെ എത്രയുംവേഗം വൈക്കത്തേക്കുള്ള റോഡും നന്നാക്കുന്നതിനുള്ള നടപടി തുടങ്ങണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനത്തിനൊപ്പം തങ്ങളുണ്ടെന്ന് അവർ പറയുന്നു. പക്ഷേ, തോടുകളൊന്നും നികത്താൻ അനുവദിക്കില്ലെന്നും അവർ കട്ടായം പറയുന്നു.