കാഞ്ഞിരപ്പാറയിലെ വളവ് നിവർത്തൽ; തീരുമാനമായില്ല

കാഞ്ഞിരപ്പാറ : വാഴൂർ റോഡിലെ ഏറ്റവും അപകടസാധ്യതയേറിയ വളവാണ് കാഞ്ഞിരപ്പാറയിലേത്. വളവ് നിവർത്തണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു.
പി.ഡബ്ല്യു.ഡി.യും ജനപ്രതിനിധികളുമടക്കം പല പരിശ്രമങ്ങളും നടത്തിയെങ്കിലും സ്ഥലപരിമിതിയാണ് പ്രശ്നം. വളവിനോട് ചേർന്നുള്ള സ്ഥലം വ്യക്തിയുടേതാണ്. സ്ഥലം വിട്ടുനൽകാൻ ഉടമയും സ്ഥലം വാങ്ങാൻ പി.ഡബ്ലു.ഡി.യും സമ്മതം മൂളാത്തതാണ് നവീകരണം നീളുന്നത്. പതിവ് അപകട കേന്ദ്രമായ ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങളടക്കം സ്ഥാപിച്ചെങ്കിലും ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുന്നതാണ് പ്രശ്നം.
സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാതെ ഒന്നുംചെയ്യാൻ കഴിയില്ലെന്നാണ് പി.ഡബ്ല്യു.ഡി. പറയുന്നത്. വാഴൂർ റോഡിൽ ഏറ്റവുമധികം അപകടങ്ങളുണ്ടായ വളവാണിത്. വളവും മൺതിട്ടയുമുള്ളതിനാൽ പുളിക്കൽകവല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. എതിർദിശയിൽ വരുന്നവർക്കും ഇതേ പ്രശ്നമാണ്. കാനം റോഡിൽനിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടസാധ്യത കൂടുതലാണ്. പ്രശ്നത്തെപ്പറ്റി പഠിച്ച് ഉചിതമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.