കാട്ടുപന്നിയെ വെടിവെയ്ക്കാം; ഷൂട്ടർമാരെ നിയോഗിച്ച് എലിക്കുളം

എലിക്കുളം : കഴിഞ്ഞ ദിവസങ്ങളിൽ എലിക്കുളത്ത് കൃഷിയിടങ്ങളിൽ കാട്ടുപന്നി നാശമുണ്ടാക്കിയതിനെ തുടർന്ന് വെടിവെയ്ക്കുന്നതിന് അനുമതി. ഓണററി വൈൽഡ് ലൈഫ് വാർഡൻ കൂടിയായ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദാണ് ഇതിന് ഉത്തരവ് നൽകിയത്. കഴിഞ്ഞദിവസം കൂരാലി നമ്പിലായിൽ ഗോപിനാഥൻനായർ, നമ്പിലായിൽതാഴെ പുരുഷോത്തമൻനായർ എന്നിവരുടെ കാർഷികവിളകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.

പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തിയതിനെ തുടർന്നാണ് ഷൂട്ടർമാരെ നിയോഗിക്കാനുള്ള തീരുമാനമായത്.

ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി കുഴിക്കാട്ടുതാഴെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസി.കൃഷിഓഫീസർ എ.ജെ.അലക്‌സ് റോയ്, അസി.സെക്രട്ടറി പി.പി.പ്രിൻസി, പഞ്ചായത്തംഗം എം.എസ്.മനു, സി.ഡി.എസ്.ചെയർപേഴ്‌സൺ പി.എസ്.ഷെഹ്ന, എംപാനൽ ഷൂട്ടർ ജൂബിച്ചൻ ആന്റണി ആനിത്തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

തോക്ക് ലൈസൻസുള്ള ഏഴ് ഷൂട്ടർമാർ

ജൂബിച്ചൻ ഉൾപ്പെടെ എലിക്കുളത്തും പരിസര പഞ്ചായത്തുകളിലുമുള്ള തോക്ക് ലൈസൻസുള്ള ഏഴ് ഷൂട്ടർമാരെയാണ് ഇതിന് നിയോഗിച്ചത്.

കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് കർശന മാർഗനിർദേശമാണ് ഉത്തരവിലുള്ളത്.

മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം.

വിഷപ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതാഘാതം എന്നിവ പാടില്ല. വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളുടെ ഇറച്ചി ഉപയോഗിക്കാൻ പാടില്ല.

ഓണററി വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യത്തിൽ ശാസ്ത്രീയമായി മറവുചെയ്യണം. മൂന്നടി താഴ്ചയിൽ കുമ്മായവും ഉപ്പുമിട്ട് ജഡം മറവ് ചെയ്യണം. ഇവയെല്ലാം വീഡിയോയിൽ പകർത്തണം.

2027 മാർച്ച് 31 വരെയാണ് നിലവിലെ ഉത്തരവിന്റെ പ്രാബല്യം. അതിന് മുൻപ് ജില്ലാമജിസ്‌ട്രേട്ടിന്റെ ആംഡ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ അതുവരെ മാത്രമേ ഉത്തരവിന് പ്രാബല്യമുണ്ടാവൂ.