അപകടത്തിന് കാത്തിരിക്കണോ... വേഗപ്പൂട്ട്‌ വേണം, ചിറ്റടിയിലും

കാഞ്ഞിരപ്പള്ളി : ചിറ്റടിയിൽ മാങ്ങാപ്പാറ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യം. അമിതവേഗവും അശ്രദ്ധയും ഇവിടെ എപ്പോൾ വേണമെങ്കിലും അപകടം വിളിച്ചുവരുത്താം. ദേശീയപാതയിൽ അട്ടിവളവ് മുതൽ ചിറ്റടിവരെയുള്ള വരെയുള്ള ഭാഗത്ത് വാഹനങ്ങൾ അമിതവേഗമാണെടുക്കുന്നത്. പരിചയമുള്ളവർക്ക് മാത്രമാണ് ഈ റോഡിൽനിന്ന് വാഹനം കയറിവരാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാൻ കഴിയുന്നത്.

കയറ്റവും തൂണും തടസ്സം

മാങ്ങാപ്പാറ റോഡിൽനിന്നെത്തുന്ന വാഹനങ്ങൾ കുത്തനെയുള്ള കയറ്റംകയറിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടത്. വാഹനങ്ങൾ കയറിവരുമ്പോൾ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുമായി അപകടത്തിൽപ്പെടാനുള്ള സാധ്യതയുമേറെയാണ്. ഇതിനൊപ്പം കയറ്റംകയറി വരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ഇവിടെ വൈദ്യുതിത്തൂണുമുള്ളത്. പലപ്പോഴും വാഹനങ്ങൾ കയറിവരുമ്പോൾ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യംകൊണ്ടാണെന്ന് പ്രദേശവാസികൾ പറയുന്നു.

മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഈ റോഡിലേക്ക് പ്രവേശിക്കുന്നതിന് റോഡ് മുറിച്ച് കടക്കണം. വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകുന്നതിനാൽ ഏറെ നേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. മാങ്ങാപ്പാറ, ചിറ്റടി, പുളിക്കൽഭാഗം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. എട്ട് സ്‌കൂൾ ബസുകളും ഈ വഴി ഓടുന്നുണ്ട്. അപകടസാധ്യതയേറെയുള്ള ഈ ഭാഗത്ത് വേഗനിയന്ത്രണ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.

അപകടമേഖല

പാതയിൽ വെളിച്ചിയാനി മുതൽ ചിറ്റടിവരെയുള്ള ഭാഗം അപകടമേഖലയാണ്. ഒരാഴ്ച മുൻപാണ് ചോറ്റിക്കവലയിൽ കൂട്ടയിടി നടന്നത്. അമിതവേഗത്തിലെത്തിയ വാഹനം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. നിർമലാരം ഭാഗവും അപകടമേഖലയാണ്. കിഴക്കൻമേഖലയിലേക്കുള്ള വിനോദസഞ്ചാരികളടക്കം യാത്രചെയ്യുന്ന റോഡിൽ കൂടുതലും പരിചിതമല്ലാത്തയാളുകൾ അമിതവേഗമെടുക്കുന്നതാണ് അപകടകാരണമാകുന്നത്.മാങ്ങാപ്പാറ റോഡിൽനിന്ന് കയറിവരുന്ന വാഹനഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന രീതിയിൽ ദേശീയപാതയോരത്ത് നിൽക്കുന്ന വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കണം. തൂണുള്ളത്‌ കാരണം കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വാഹനങ്ങൾ കയറിവരുന്നത് കാണാൻ സാധിക്കുന്നില്ല. വേഗംനിയന്ത്രിക്കാനും നടപടി വേണം.

പി.ആർ. സുരേന്ദ്രൻ, ഡ്രൈവർ

വേണം വേഗനിയന്ത്രണം

വാഹനങ്ങൾ അമിത വേഗമെടുക്കുന്ന ഈ പ്രദേശത്ത് വേഗനിയന്ത്രണ സംവിധാനം ആവശ്യമാണ്. മാങ്ങാപ്പാറ റോഡിൽനിന്ന് കയറിവരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത തരത്തിലുള്ള വേഗമാണ് വാഹനങ്ങൾക്ക്. ഇത് അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.

അനു ആനന്ദ്, പ്രദേശവാസി