നെഹ്‌റു സ്റ്റേഡിയം സൂപ്പറാകും

കോട്ടയം : കോട്ടയം നെഹ്റു സ്റ്റേഡിയം നവീകരിക്കാൻ 66 കോടി രൂപയുടെ നവീകരണ പദ്ധതികളുമായി നഗരസഭ. സ്റ്റേഡിയത്തോട് ചേർന്നുള്ള കടകളിൽ നിന്ന് ഒഴിയാൻ വ്യാപാരികൾക്ക് മുൻപേ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എല്ലാ തവണയും നോട്ടീസ് നൽകുമെങ്കിലും ഇക്കുറി വാടക കരാർ പുതുക്കി നൽകാൻ അധികൃതർ തയ്യാറായില്ല. വർഷങ്ങളായി തകർന്നുകിടക്കുന്ന സ്റ്റേഡിയത്തിന്റെ ദുർഘടാവസ്ഥയും വികസന മുരടിപ്പും പലതവണ ‘മാതൃഭൂമി’ വാർത്ത ആക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്, നഗരസഭയുടെ നേതൃത്വത്തിൽ 66 കോടി രൂപ ചെലവഴിച്ചുള്ള ബൃഹത്തായ നവീകരണ പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചത്.

കോട്ടയം നഗരസഭയുടെ കീഴിലുള്ള കാലങ്ങളായി തകർച്ചയിലായ നെഹ്റു സ്റ്റേഡിയത്തെക്കുറിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരമായി സ്പോർട്സ് വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് തലത്തിൽ തിരുവനന്തപുരത്ത് മീറ്റിങ് നടത്തി. ആദ്യ മീറ്റിങ്ങിന് ശേഷം സ്പോർട്സ് വകുപ്പ് നേരിട്ടെത്തി സർവേ പൂർത്തീകരിച്ചു. സ്റ്റേഡിയം പൂർണമായും പൊളിച്ച് നീക്കും. നല്ലൊരു ഫുട്ബോൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്ക് അടക്കമുള്ള ആധുനിക നിലവാരത്തിലുള്ള പ്രൊപ്പോസലാണ് പുതിയ സ്റ്റേഡിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

ഗ്രൗണ്ട് രണ്ട് മീറ്ററോളം ഉയർത്തി, സൈഡ് വാൾ ഉയർത്തി, ഡ്രൈനേജ് സൗകര്യങ്ങളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തോടെയാണ് പുതിയത് പണിയുക. കിഫ്ബിയിൽപ്പെടുത്തി സ്റ്റേ‍ഡിയം പൂർത്തീകരിക്കുന്നതിനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. വെള്ളക്കെട്ടില്ലാത്ത നിലവാരമുള്ള സ്റ്റേഡിയമായി മാറ്റാൻ സാധിക്കും. പവിലിയൻ അടക്കം പൊളിച്ചുമാറ്റി പുതിയത് പണിയും.

ഒാരോ നിയോജകമണ്ഡലത്തിലും ഏതെങ്കിലും പ്രോജക്ട് എം.എൽ.എ.മാർക്ക് ശുപാർശ ചെയ്യാൻ സാധിക്കും. ആ പ്രോജക്ടായി എം.എൽ.എ. കൂടിയായ സ്പീക്കർ ശുപാർശ ചെയ്തത് കോട്ടയം നെഹ്റുസ്റ്റേഡിയമാണ്. കിഫ്ബിയിൽ ഫണ്ടിന്റെ അംഗീകാരം കിട്ടിയിട്ട് വേണം നിലവിലുള്ളത് പൊളിക്കാൻ. എത്രയും പെട്ടെന്ന്‌ പണി പൂർത്തിയാക്കാൻ സാധിക്കട്ടെയെന്ന് കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ പറഞ്ഞു.