പെരുവന്താനത്ത് ഭീതിവിതച്ച് കാട്ടുപന്നികൾ

രണ്ട് പന്നികളെ വെടിവെച്ചുകൊന്നു
പെരുവന്താനം : പഞ്ചായത്തിൽ ജനവാസമേഖലയിൽ ഭീതിവിതച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. രണ്ട് പന്നികളെയാണ് കൊന്നത്. വേട്ടയ്ക്കിടെ പഞ്ചായത്ത് മെമ്പർക്ക് പരിക്കേറ്റു. പഞ്ചായത്തിലെ ജനവാസമേഖലകളിൽ അതിരൂക്ഷമായ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. ഒന്നാം വാർഡിലും രണ്ടാം വാർഡിലും പകൽസമയങ്ങളിൽപോലും ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുപന്നികൾ ഇറങ്ങിയിരുന്നു. കാട്ടുപന്നികളെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സജോ വർഗീസിന്റെ നേതൃത്വത്തിലാണ് വെടിവെച്ചുകൊല്ലാൻ നടപടിയെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെ പെരുവന്താനം ടൗണിന് സമീപം ദേശീയ പാതയോട് ചേർന്ന് കെ.എസ്.ഇ.ബി. ഓഫീസിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പന്നികളെ വേട്ടയാടുന്ന ദൗത്യത്തിനിടയിൽ പെരുവന്താനം പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനും രണ്ടാം വാർഡ് മെമ്പറുമായ ഷിയാസ് മൂത്തേടത്തിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ ടൗണിൽ ദേശീയപാതയിലേക്ക് കയറിയ പന്നിക്കൂട്ടം വാഹനങ്ങൾ വരുന്നത് കണ്ട് ഭയന്നോടുന്നതിനിടെ സമീപത്തെ ഗേറ്റിൽ കുടുങ്ങി ഒരെണ്ണം ചത്തിരുന്നു.
ജനസാന്ദ്രതയേറിയ മേഖലകളായതിനാൽ പന്നികളെ വെടിവെച്ചുകൊല്ലുക എന്നത് ഏറെ ശ്രമകരവും അപകടസാധ്യതയുള്ളതുമാണെന്ന് ഷൂട്ടർ സജോ വർഗീസ് പറഞ്ഞു. പന്നികളുടെ ആക്രമണം കാരണം പ്രദേശത്തെ കർഷകർക്ക് പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടാകുന്നത്. വരുന്ന ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് കാട്ടുപന്നിശല്യം പൂർണമായും ഇല്ലാതാക്കി കർഷകരെ സംരക്ഷിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ പറഞ്ഞു.