തിരക്കാണ് ഇവിടെ; തിരിയാൻ ഇടവുമില്ല

കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ കുന്നുംഭാഗത്ത് ടി.ബി. റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സുരക്ഷാസംവിധാനമൊരുക്കണമെന്ന് ആവശ്യം. മണിമല റോഡിലൂടെയുള്ള ഗതാഗതം നിലച്ചതോടെ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. മണിമല, വിഴിക്കത്തോട്, ചേനപ്പാടി, മണ്ണാറക്കയം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വലിയ വാഹനങ്ങളും ഇതുവഴിയാണിപ്പോൾ കടന്നുപോകുന്നത്. ഇതിനാൽ ഗതാഗതത്തിരക്കും ഏറെയാണ്.
ദേശീയപാതയിൽ ഇരുവശത്തുനിന്നും ടി.ബി. റോഡിലേക്ക് പ്രവേശിക്കുന്നതിനും ടി.ബി. റോഡിൽനിന്ന് ദേശീയപാതയിലേക്കും പ്രവേശിക്കുന്നതിന് നിലവിൽ സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. വാഹനങ്ങൾ അലക്ഷ്യമായി റോഡിലേക്ക് പ്രവേശിക്കുന്നതുമൂലം അപകടങ്ങളും പതിവാണ്. വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനുമായി കൃത്യമായ സ്ഥലങ്ങൾ രേഖപ്പെടുത്താത്തതിനാൽ പലവഴിക്ക് വാഹനങ്ങൾ കയറുന്നത് അപകടങ്ങൾക്ക് കാരണമാകും. രാവിലെയും വൈകീട്ടും സ്കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്ന സമയങ്ങളിൽ തിരക്കുമേറെയാണ്. ഈ സമയങ്ങളിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതക്കുരുക്കുമുണ്ടാകാറുണ്ട്.
ശബരിമല തീർഥാടനകാലം കൂടിയെത്തുന്നതോടെ റോഡിലെ തിരക്ക് വർധിക്കും. ഇതിന് മുൻപ്പ് റോഡിൽ തിരിയേണ്ട ഭാഗങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. തിരക്ക് കൂടുതലുള്ള സ്കൂൾ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പോലീസിനെയോ, ഹോം ഗാർഡിനെയോ നിയമിക്കണം.
രണ്ട് സ്കൂളുകൾ, ആരാധനാലയം, പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമകേന്ദ്രം എന്നിവ ടി.ബി.റോഡരുകിൽ സ്ഥിതി ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ തിരക്ക് ഒഴിവാക്കി മണ്ണാറക്കയം- ബ്ലോക്ക് പടി-പനയ്ക്കച്ചിറ റോഡിലൂടെ എരുമേലി റോഡിൽ മലബാറുകവലയിലും മണ്ണാറക്കയം-പട്ടിമറ്റം റോഡിലൂടെ എരുമേലി പട്ടിമറ്റത്തും ചെന്നുകയറാൻ കഴിയുന്ന ബൈപ്പാസ് റോഡ് കൂടിയാണിത്.